പാസ്പോര്‍ട്ട് നല്‍കും മുമ്പ് ഇനി സമൂഹമാധ്യമ അക്കൗണ്ടും പോലീസ് പരിശോധിക്കും! ലക്ഷ്യം സ്വഭാവം അറിയല്‍
ഡെറാഡൂണ്‍: വിദേശത്തേക്ക് പോകാന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ഉത്തരാഖണ്ഡുകാര്‍ ഇനി ഒന്ന് വിയര്‍ക്കും. മറ്റ് ഔദ്യോഗിക നിബന്ധനകള്‍ പാലിച്ച ശേഷം അപേക്ഷകന്റെ സമൂഹമാധ്യമങ്ങളിലെ സ്വഭാവം കൂടി അറിഞ്ഞ ശേഷമേ പോലീസ് പാസ്പോര്‍ട്ട് ഇനി അനുവദിക്കൂ. ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറാണ് ഈ വിവരം അറിയിച്ചത്.
സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുളള ദുരുപയോഗം അവസാനിപ്പിക്കാനാണ് ഈ നടപടിയെന്നാണ് ഡിജിപി അശോക് കുമാര്‍ അറിയിച്ചത്. ഇത് നടപ്പാക്കേണ്ട നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് പുതിയ നടപടിയല്ലെന്നും പാസ്പോര്‍ട്ട് നിയമത്തില്‍ ഇതിനെകുറിച്ച് പറയുന്നുണ്ടെന്നും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കേണ്ടെന്നാണ് നിയമത്തിലുളളത്. ഇതാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
റിപബ്‌ളിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വലിയ പ്രചോദനമായെന്നും ഇത്തരം പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടാതിരിക്കാന്‍ ഈ നടപടി ആവശ്യമാണെന്നും അശോക് കുമാര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ പാസ്പോര്‍ട്ട് പരിശോധനയ്ക്ക് പോലീസ് പ്രധാനമായും പരിശോധിക്കുന്നത് അപേക്ഷകന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണോ എന്നത് മാത്രമാണ്. കര്‍ഷക സമരത്തെ തുടര്‍ന്ന് രാജ്യത്താകെ സമൂഹമാധ്യമങ്ങളിലൂടെ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടാകുന്നുണ്ട്. ഇവ തടയുന്നതും ഈ നടപടിയുടെ ഭാഗമാണെന്ന് വലിയ വിമര്‍ശനം സംസ്ഥാനത്തുണ്ട്.