KeralaNews

വാക്സിൻ എടുക്കുന്നവർ ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കരുത്, വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുത്ത് പോലീസ്

ആലപ്പുഴ:കൊവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്ക്കെതിരെ നിയമ നടപടിയുമായി പൊലീസ്. കൊവിഡ് വാക്സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്നായിരുന്നു വ്യാജ പ്രചാരണം. വാക്സിനെടുത്ത ശേഷം ചിക്കൻ കഴിച്ച് രണ്ട് പേർ മരണപ്പെട്ടുവെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ശബ്ദ സന്ദേശത്തിൽ പറയുന്നു. വാക്സിൻ എടുത്തവർ 14 ദിവസം സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും ശബ്ദ സന്ദേശത്തിലുണ്ട്.

ഇത് ശ്രദ്ധയിൽപെട്ടതിന്ന പിന്നാലെയാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി ജി ജയദേവ് നിർദേശം നൽകിയത്. സംഭവത്തിൽ വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്സാപ്പിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവർക്കർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയർ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്.

ആരോഗ്യവകുപ്പിൽ ഇത്തരത്തിൽ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതിൽ പറയുന്നത് തികച്ചും തെറ്റാണ്. അതിനാൽ ജനങ്ങൾ ഇതു വിശ്വാസത്തിലെടുക്കരുതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ജില്ലാ പൊലീസ് ആസ്ഥാനത്ത് സോഷ്യൽ മീഡിയയിൽ നിരീക്ഷണം നടത്താൻ പ്രത്യേക സംവിധാനമുണ്ട്.

വ്യാജ സന്ദേശം പ്രചരിപ്പിക്കുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും നിരിക്ഷിച്ച് അവരുടെ അനുബന്ധ ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുത്ത് നിയമനടപടികൾ സ്വീകരിക്കും. ഇവർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരവും, പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker