KeralaNews

വെടിയുണ്ടയുടെ ഉറവിടം തേടി പൊലീസ്; തങ്ങളുടേതല്ലെന്ന് നേവി, വിവരങ്ങള്‍ കൈമാറാൻ വൈമുഖ്യം,കളക്ടര്‍ അന്വേഷിയ്ക്കണമെന്ന് ആവശ്യം

കൊച്ചി∙ ഫോർട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക‌ു വെടിയേറ്റതില്‍ നാവിക പരിശീലന കേന്ദ്രത്തിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പൊലീസ്. അപകടം നടന്ന ദിവസം പരിശീലനം നടത്തിയവരുടെയും ഉപയോഗിച്ച തോക്കുകളുടെയും വെടിയുണ്ടകളുടെ വിവരങ്ങളും കണക്കുകളുമാണ് ആവശ്യപ്പെട്ടത്. പരിശീലന കേന്ദ്രത്തില്‍ പരിശോധന നടത്തിയ ബാലിസ്റ്റിക് വിദഗ്ധരുടെ അന്വേഷണ റിപ്പോര്‍ട്ടും പൊലീസിന് അടുത്ത ദിവസം കൈമാറും.

മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന്‍റെ ചെവിയില്‍ പതിച്ച വെടിയുണ്ടയുടെ ഉറവിടം തേടിയുള്ള ഓട്ടത്തിലാണു പൊലീസ്. ഉണ്ട എവിടെനിന്ന് എങ്ങനെ വന്നുവെന്ന കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തതയുമില്ല. നേവിയെ ചുറ്റിപ്പറ്റി തന്നെയാണു പൊലീസിന്‍റെ അന്വേഷണം. വെടിയുണ്ട കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ പരിശോധന അടുത്ത ആഴ്ച മാത്രമേ നടത്താനാകൂ. അതിനു മുന്‍പ് വെടിയുണ്ട വരാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പരിശോധിക്കുകയാണു പൊലീസ്. ഉണ്ട തങ്ങളുടേതല്ലെന്ന നേവിയുടെ അവകാശവാദങ്ങളെ പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

അപകടം നടന്ന സമയത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ട് നാവിക പരിശീലന കേന്ദ്രത്തിന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎന്‍എസ് ദ്രോണാചാര്യയില്‍ രണ്ട് തവണ അന്വേഷണ സംഘം പരിശോധന നടത്തി. രേഖകള്‍ പരിശോധിച്ചെങ്കിലും പരിശീലനത്തിന് ഉപയോഗിച്ച വെണ്ടിയുണ്ടകളുടെ കണക്ക് ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ നേവി ഇതുവരെ കൈമാറിയിട്ടില്ല.

ഫയറിങ് പരിശീലനം നല്‍കിയ രീതിയും ദൂരം, പ്രതിരോധ മതില്‍ മറികടന്നു വെടിയുണ്ടകള്‍ സഞ്ചരിക്കാനുള്ള സാധ്യത, അങ്ങനെ സംഭവിച്ചാല്‍ സഞ്ചരിക്കാവുന്ന ദൂരം തുടങ്ങിയ വിവരങ്ങള്‍ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ ശേഖരിച്ചു. ഈ വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും.

കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി. നേവിക്കെതിരായ അന്വേഷണം കോസ്റ്റൽ പൊലീസിൽ നിന്നും മാറ്റണമെന്നും മത്സ്യതൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മത്സ്യതൊഴിലാളി ഐക്യവേദി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന് കഴിഞ്ഞ ബുധനാഴ്ചയാണ് മത്സ്യബന്ധനത്തിനിടെ കടലില്‍ വച്ച് വെടിയേറ്റത്. മീൻപിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31 പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് കാതിൽ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്‍റെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്. നാവികസേന പരിശീലനം നടത്തുന്ന ഫോർട്ടു കൊച്ചിയിലെ ഐ എൻ എസ് ദ്രോണാചാര്യയോട് ചേർന്ന മേഖലയിലാണ് സംഭവം. ഇതോടെയാണ് നാവിക സേനയെന്ന് വെടിവച്ചതെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker