CrimeKeralaNationalNews

മലയാളി ബൈക്ക് റേസിങ് താരത്തിന്റെ മരണം കൊലപാതകം; ആസൂത്രണം ചെയ്തത് ഭാര്യയും സുഹൃത്തുക്കളും

ജയ്പുർ: മൂന്ന് വർഷം മുമ്പ് രാജസ്ഥാനിലെ ജയ്സൽമേറിൽ മലയാളി ബൈക്ക് റേസിങ് താരം മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കണ്ണൂർ സ്വദേശിയും ബെംഗളൂരു ആർ.ടി. നഗറിലെ താമസക്കാരനുമായിരുന്ന അസ്ബഖ് മോൻ(34) ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവമാണ് രാജസ്ഥാൻ പോലീസിന്റെ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ അസ്ബഖിന്റെ രണ്ട് സുഹൃത്തുക്കളെ ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തു. സഞ്ജയ്, വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്.

അസ്ബഖിന്റെ ഭാര്യ സുമേറ പർവേസും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 2018 ഓഗസ്റ്റിലാണ് ജയ്സൽമേറിലെ മോട്ടോർ റാലിക്കിടെ അബ്സഖ് മോനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പരിശീലനത്തിനിടെ വഴിതെറ്റി മരുഭൂമിയിൽ ഒറ്റപ്പെട്ട് നിർജലീകരണം കാരണം മരണം സംഭവിച്ചെന്നായിരുന്നു നിഗമനം. മരണത്തിൽ സംശയമില്ലെന്ന് സംഭവദിവസം ജയ്സൽമേറിലുണ്ടായിരുന്ന ഭാര്യ സുമേറ പർവേസും പോലീസിനോട് പറഞ്ഞു. ഇതോടെ പോലീസ് വിശദമായ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്ബഖിന്റെ പുറംഭാഗത്ത് വലിയ പരിക്കേറ്റതായി വ്യക്തമാക്കിയിരുന്നു. ഭാര്യയും മറ്റും സംശയങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ അന്ന് ഇതേക്കുറിച്ചൊന്നും അന്വേഷണം നടത്തിയില്ല. അടുത്തിടെ പുനരന്വേഷണം ആരംഭിച്ചതോടെ ഇക്കാര്യങ്ങളെല്ലാം പോലീസ് പരിശോധിച്ചിരുന്നു.

അസ്ബഖിന്റെ മരണത്തിൽ ഭാര്യയുടെയും സുഹൃത്ത് സഞ്ജയുടെയും പങ്കിനെക്കുറിച്ച് തുടക്കംമുതലേ സംശയമുണ്ടായിരുന്നതായാണ് ജയ്സൽമേർ എസ്.പി. അജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞത്. വിശദമായ അന്വേഷണത്തിൽ റേസിങ് താരം കൊല്ലപ്പെട്ടതാണെന്നും ഭാര്യയും സുഹൃത്തുക്കളുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി.

ബെംഗളൂരുവിൽ താമസം ആരംഭിക്കുന്നതിന് മുമ്പ് അസ്ബഖും കുടുംബവും ദുബായിലായിരുന്നു. ഭാര്യയും അസ്ബഖ് മോനും തമ്മിൽ പലകാര്യങ്ങളെച്ചൊല്ലിയും തർക്കം നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്. അസ്ബഖ് മരിച്ച സ്ഥലത്ത് ആദ്യമെത്തിയത് സുഹൃത്തായ സഞ്ജയ് ആയിരുന്നു. അസ്ബഖിന്റെ മൊബൈൽ ഫോണും മറ്റു സാധനങ്ങളും ഇയാൾ കൈക്കലാക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button