NationalNews

പാറിപ്പറന്ന് തമിഴക വെട്രി കഴകത്തിന്‍റെ പതാക; കൊടിമരം ഒന്നാകെ പൊളിച്ച് നീക്കി പൊലീസ്

ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം വിജയ് ആരാധകർ സ്ഥാപിച്ച കൊടിമരം നീക്കി പൊലീസ്. ചെന്നൈ എംജിആർ നഗറിൽ സ്ഥാപിച്ച കൊടിമരം ആണ് നീക്കിയത്. മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്ന് പൊലീസ് പറയുന്നത്. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം തന്നെയാണ് ഇപ്പോള്‍ തമിഴകത്തെ ചൂടേറിയ ചര്‍ച്ചാവിഷയം. ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഫെബ്രുവരി രണ്ടിനാണ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി വിജയ് പ്രഖ്യാപിച്ചത്.

കരിയറിലെ 69-ാമത്തെ സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിലാവും ശ്രദ്ധയെന്നും വിജയ് അറിയിച്ചിട്ടുണ്ട്. തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള വിജയ്‍ സിനിമയില്‍ നിന്ന് വഴി മാറുന്നത് ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്. അതേസമയം പ്രിയതാരത്തിന്‍റെ തീരുമാനത്തിന് എല്ലാവിധ പിന്തുണയും അവര്‍ നല്‍കുന്നു. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം വിജയ് ആരാധകരെ ആദ്യമായി അഭിവാദ്യം ചെയ്ത സമയത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്.

എക്സ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ വൈറല്‍ ആയിട്ടുണ്ട്. അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തില്‍ വിജയ്‍യുടെ പാര്‍ട്ടി എന്തുതരം ചലനമാണ് സൃഷ്ടിക്കുകയെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ വൃത്തങ്ങള്‍.

തനിക്ക് രാഷ്ട്രീയം ടൈംപാസ് അല്ലെന്ന് പറഞ്ഞ വിജയ് സിനിമ വിട്ട് പൂര്‍ണമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. കരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അങ്ങനെ എങ്കില്‍ ദളപതി 69 ആയിരിക്കും വിജയിയുടെ അവസാന ചിത്രം. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. വിജയ്ക്ക് സിനിമ മതിയെന്ന് ചിലര്‍ പറയുമ്പോള്‍, നടന്‍ ആയിരിക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്ന വിജയ് രാഷ്ട്രീയത്തില്‍ വന്നാല്‍ നല്ലതായിരിക്കുമെന്ന് മറ്റ് ചിലരും പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button