NationalNews

തമിഴ്നാട് രാജ്ഭവന് നേരെ ബോംബേറ്; ആരോപണങ്ങൾ തെറ്റ്, സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

ചെന്നൈ: തമിഴ്നാട് ​ഗവർണറുടെ ഔദ്യോ​ഗിക വസതിക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ, ​ഗവർണറുടെ വാദത്തെ പൊളിച്ച് ചെന്നൈ പൊലീസ്. രാജ്ഭവന് നേരെയുണ്ടായ ബോംബേറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.

പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ പ്രതി കറുക വിനോദ് മാത്രമാണുള്ളതെന്ന് വ്യക്തമാകുന്നുണ്ട്. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി ചെന്നൈ പൊലീസ് കമ്മീഷണറും ഡിജിപിയും വാർത്താ സമ്മേളനം നടത്തി. ഒന്നിൽ കൂടുതൽ പേർ ചേർന്നാണ് രാജ്ഭവന് നേർക്ക് ബോംബെറിഞ്ഞതെന്ന് തമിഴ്നാട് ​ഗവർണർ ആരോപണമുന്നയിച്ചിരുന്നു. 

എന്നാൽ ഒരാൾ മാത്രമാണ് രാജ്ഭവന് മുന്നിലെത്തിയതെന്നും സുരക്ഷ ഉദ്യോ​ഗസ്ഥരുടെ ജാ​ഗ്രതയെ തുടർന്ന് പ്രതിയെ ഉടൻ തന്നെ പിടിക്കാൻ സാധിച്ചെന്നും ഡിജിപി ആരോപണത്തിന് മറുപടി നൽകിയിരുന്നു.  ​ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ച 73 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗവർണർക്ക് മതിയായ സുരക്ഷ നൽകുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി. കോൺസ്റ്റബിളിന്റെ പരാതിയിൽ അന്നേ ദിവസം വൈകിട്ട് അഞ്ചിന് തന്നെ കേസെടുത്തിരുന്നു. എന്നാൽ  രാജ്ഭവൻ പരാതി നൽകിയത് രാത്രി 10:15നാണെന്നും ‍ഡിജിപി വ്യക്തമാക്കിയിരുന്നു. 

രണ്ട് ദിവസം മുമ്പാണ് രാജ്‌ഭവന്റെ പ്രധാന ഗേറ്റിലേക്ക് യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ കറുക വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പ്രതി തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലിൽ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞത്. മുൻപ് തമിഴ്‌നാട്ടിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ഇയാൾ ബോംബ് എറിഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker