CrimeNationalNews

വീരമൃത്യുവരിച്ച ജവാന്റെ ഭാര്യക്കെതിരേ സൈബർ അധിക്ഷേപം; ഇടപെട്ട് വനിതാ കമ്മിഷൻ, കേസെടുത്ത് പോലീസ്

ന്യൂഡൽഹി: ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ സാമൂഹികമാധ്യമത്തിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരേ കേസെടുത്ത് ഡൽഹി പോലീസ്. ദേശീയ വനിതാ കമ്മിഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

എക്സിലൂടെയായിരുന്നു അശ്ലീല പരാമർശം നടത്തിയത്. ഈ അക്കൗണ്ടിനെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ നൽകാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ തിങ്കളാഴ്‌ച സ്വമേധയാ കേസെടുത്തിരുന്നു.

2023 ജൂലായ് 19-ന് സിയാച്ചിൻ മഞ്ഞുമലയിൽ സൈന്യത്തിന്റെ ബങ്കറിനടുത്തുണ്ടായ തീപ്പിടിത്തത്തിലാണ് കരസേനയുടെ റെജിമെന്റൽ മെഡിക്കൽ ഓഫീസർ ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്. 2023 ജൂലായ് 22-ന് എല്ലാ ഔദ്യോഗികബഹുമതികളോടെയും ഉത്തര്‍പ്രദേശിലെ ഭഗല്‍പുരില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.. മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച കീർത്തി ചക്ര കഴിഞ്ഞ അഞ്ചിന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മാതാവും ഭാര്യയും ചേർന്നായിരുന്നു ഏറ്റുവാങ്ങിയത്.


ഈ ചിത്രങ്ങളും ഭർത്താവിനെക്കുറിച്ച് സംസാരിക്കുന്ന സ്മൃതിയുടെ ഹൃദയസ്പർശിയായ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ചിത്രം പങ്കുവച്ചുകൊണ്ട് ഒരു ഡോക്ടറാണ് അശ്ലീല പരാമർശം നടത്തിയത്. തുടർന്ന് ഇയാൾക്കെതിരെ രൂക്ഷവിമർശനവുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ദേശീയ വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും, നടപടിയെടുക്കാൻ പൊലീസിനോട് നിർദ്ദേശിക്കുകയുമായിരുന്നു.

വിഷയത്തിൽ സ്വമേധയാ ഇടപെട്ട വനിതാ കമ്മിഷൻ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടു. ഭാരതീയ ന്യായസംഹിതയിലെ പ്രസക്തമായ സെക്ഷനുകളും ഐ.ടി. ആക്ടിലെ സെക്ഷനുകളും ചുമത്തിയാണ് നിലവിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

നേരത്തെ, സ്മൃതി സിങ്ങിനെതിരേ ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അൻഷുമാൻ സിങ്ങിൻ്റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. മകന് ലഭിച്ച സൈനികബഹുമതികളും ഫോട്ടോ ആൽബങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ എല്ലാം ഓർമകളും സ്മൃതി പഞ്ചാബിലെ ​ഗുർദാസ്പുരിലെ വീട്ടിലേക്ക് മാറ്റിയെന്ന് അവർ ആരോപിച്ചു. തന്റെ മകന് ലഭിച്ച കീർത്തിചക്ര പുരസ്കാരത്തിൽ ഒന്ന് തൊടാൻപോലും കഴിഞ്ഞില്ലെന്നും അൻഷുമാൻ സിങ്ങിന്റെ അമ്മ മഞ്ജു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker