താലിമാലയെ പട്ടിച്ചങ്ങലയോട് ഉപമിച്ചു; കോളേജ് അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു
പനാജി: താലിമാലയെ പട്ടിച്ചങ്ങലയുമായി താരതമ്യം ചെയ്ത കോളജ് അധ്യാപികക്കെതിരേ പോലീസ് കേസെടുത്തു. ഗോവ ലാ കോളജ് രാഷ്ട്രതന്ത്ര വിഭാഗം അസി. പ്രഫസര്‍ ശില്‍പ്പ സിങ്ങിനെതിരേയാണ് ഗോവ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. രാഷ്ട്രീയ ഹിന്ദു യുവ വാഹിനി ഗോവ യൂണിറ്റ് നേതാവ് രാജീവ് ഝായുടെ പരാതിയിലാണ് നടപടി.
ശില്‍പ്പ സിങിന്റെ ഇതു സംബന്ധിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് ഝാ പോലിസീല്‍ പരാതി നല്‍തിയത്. ഏപ്രില്‍ 21ന് ശില്‍പ സിങ് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ താലിമാല പുരുഷാധിപത്യ സംവിധാനം സ്ത്രീകളെ പട്ടികളെപ്പോലെ മെരുക്കുന്നതിനുപയോഗിക്കുന്ന ഉപാധിയാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെ പരാമര്‍ശിച്ചുകൊണ്ട് പരാതിക്കാരന്‍ ഒക്ടോബര്‍ 30നെഴുതിയ വിദ്വേഷ പോസ്റ്റിനു ശേഷം അധ്യാപികയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ഇതിനെതിരേ അധ്യാപികയും പോലീസിനെ സമീപിച്ചു.
ഇതിനിടയില്‍ മതവികാരം വൃണപ്പെടുത്തിയ അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എബിവിപി വിദ്യാര്‍ത്ഥികള്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കി. എന്നാല്‍ ഇത്തരമൊരു പോസ്റ്റിന്റെ പേരില്‍ അധ്യാപികയെ പുറത്താക്കാനാവില്ലെന്ന് കോളജ് നിലപാടെടുത്തു. ഇതും ഹിന്ദുത്വ സംഘടനകളെ പ്രകോപിച്ചു. ആ സാഹചര്യത്തിലാണ് എഫ്ബി പോസ്റ്റിനെതിരേ യുവവാഹിനി നേതാവ് പോലീസിനെ സമീപിച്ചത്.
ഝാക്കെതിരേയും അധ്യാപകിക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന് നോര്‍ത്ത് ഗോവ എസ്പി ഉത്കൃഷ്ട് പ്രസൂണ്‍ സ്ഥിരീകരിച്ചു. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഐപിസി 295-എ പ്രകാരമാണ് കേസ്. കൂടാതെ ഭീഷണി (ഐപിസി 506), സ്ത്രീത്വത്തെ അപമാനിക്കല്‍ (ഐപിസി 509) എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. താനൊരു സനാധന ഹിന്ദുവാണെന്നും അധ്യാപിക ഹിന്ദുവിരോധിയാണെന്നും ഝാ ആരോപിക്കുന്നു. ഇത്തരത്തില്‍ എഴുതുന്ന ഒരാള്‍ എന്താണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും പരാതിക്കാരന്‍ ചോദിക്കുന്നു.
തനിക്കെതിരേ നടക്കുന്നത് കൂട്ടമായ ആക്രമണമാണെന്ന് അധ്യാപിക പരാതിപ്പെട്ടു. വിദ്യാഭ്യാസം വെറുതെ പാഠഭാഗങ്ങള്‍ പറഞ്ഞുപോകലല്ലെന്നും ഒരു സാമൂഹിക പഠന വിഷയമെന്ന നിലയില്‍ വിഷയങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചെടുക്കുകയെന്നതാണ് തന്റെ ലക്ഷ്യംമെന്നും അവര്‍ പറഞ്ഞു. അതിനാവശ്യമായ ഉപാധികള്‍ അവരെ പരിചയപ്പെടുത്തേണ്ടിയും വരും. അതുകൊണ്ടുതന്നെ തന്റെ കടമയാണ് താന്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. ഗോവയിലെ വിവിധ സ്ഥാപനങ്ങളിലെ രാഷ്ട്രതന്ത്രവിഭാഗം അധ്യാപകര്‍ ശില്‍പ്പയ്ക്ക് പുന്തുണയുമായെത്തിയിട്ടുണ്ട്.