തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകനും നിര്‍മാതാവുമായി ശാന്തിവിള ദിനേശിന് എതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മ്യൂസിയം പോലീസ് ആണ് കേസെടുത്തത്. യൂ ട്യൂബിലൂടെ നേരത്തെ ഇയാള്‍ ഭാഗ്യലക്ഷ്മിക്ക് എതിരെ തുടര്‍ച്ചയായി മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
നേരത്തെ വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. വീട് കയറി ആക്രമിച്ച് മൊബൈല്‍, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ദേഹോപദ്രവമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്.
സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നല്‍കുകയും ചെയ്തു.
വിജയ് പി നായരുടെ പരാതിയില്‍ കേസ് എടുത്തതില്‍ യാതൊരു വിഷമവും ഇല്ലെന്ന് ഭാഗ്യലക്ഷ്മി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ചെയ്ത പ്രവൃത്തിയില്‍ പൂര്‍ണ സംതൃപ്തയാണ്. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് ചെയ്തുവെന്ന വിശ്വാസമുണ്ട് ഇപ്പോഴുമെന്നും ഭാഗ്യലക്ഷ്മി.