ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിന് ഡീന്‍ കുര്യാക്കോസ് എം.പി ഉള്‍പ്പടെ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇടുക്കി മെഡിക്കല്‍ കോളജിന് മുന്നില്‍ ഡീന്‍ കുര്യാക്കോസ് നടത്തിയ ഉപവാസത്തില്‍ ആളുകള്‍ കൂട്ടം കൂടിയതിനെതിരെയാണ് പോലീസ് നടപടി.
അതേസമയം, കേസെടുത്തതിലൂടെ ഇടത് സര്‍ക്കാര്‍ രാഷ്ട്രീയ വിദ്വേഷം തീര്‍ക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. മുഖ്യമന്ത്രി തന്റെ ഉപവാസത്തെ അപഹസിച്ചപ്പോള്‍ തന്നെ സന്ദേശം വ്യക്തമായിരുന്നു. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയാണ് താന്‍ സമരം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിന് കോണ്‍ഗ്രസ് നേതവും ആറ്റിങ്ങല്‍ എം.പിയുമായ അടൂര്‍ പ്രകാശിനെതിരെ പോലീസ് കേസെടുത്തിരുന്നു. നെടുമങ്ങാട് ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ച് ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിനാണ് പൊലീസ് കേസ് രജിസ്ടര്‍ ചെയ്തത്.
പരിപാടിയില്‍ ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തെന്നാണ് പോലീസ് പറയുന്നത്. അതേസമയം താന്‍ ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു അടൂര്‍ പ്രകാശ് എം.പിയുടെ വിശദീകരണം.