KeralaNews

യുവനടിയെ അപമാനിച്ച സംഭവം; പോലീസ് നടിയുടെ അമ്മയുടെ മൊഴിയെടുത്തു

കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ യുവാക്കള്‍ അപമാനിച്ച സംഭവത്തില്‍ പോലീസ് നടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി. വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തില്‍ നടിയെ യുവാക്കള്‍ അപമാനിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഷോപ്പിംഗ് മാളിനുള്ളില്‍ നിന്നു പോലീസ് കണ്ടെത്തിയിരുന്നു.

കൂടാതെ, സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയ കേസെടുത്തിരുന്നു. നടപടി സ്വീകരിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും നടിയെ നേരില്‍ കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നടി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുമ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പറയുന്നു. രണ്ട് ചെറുപ്പക്കാര്‍ തന്നെ കടന്നുപിടിക്കുകയായിരുന്നു. അവര്‍ അതിന് ശേഷം അവിടെ നിന്നു കടന്നുകളഞ്ഞു. തന്റെ സഹോദരി ഇതുകണ്ടെന്നും ഇവര്‍ പറയുന്നു.

ഈ ചെറുപ്പക്കാര്‍ തങ്ങളെ ഹൈപ്പര്‍മാര്‍ക്കറ്റില്‍വച്ചും പിന്തുടര്‍ന്നു. സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഇത്തരക്കാരുടെ മുഖത്തടിക്കുകയാണ് വേണ്ടതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കാന്‍ ആലോചനയുണ്ടെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker