മുര്‍ഷിദാബാദ്: ലോക്ക്ഡൗണിനിടെ തുറന്ന മദ്യശാലയില്‍ യൂണിഫോമില്‍ മദ്യാവാങ്ങാനെത്തിയ പോലീസുദ്യോഗസ്ഥനെതിരെ വ്യാപക പ്രതിഷേധം. വെസ്റ്റ് ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബെര്‍ഹംപുരിലാണ് സംഭവം.
തലയില്‍ ഹെല്‍മറ്റ് ധരിച്ച ഇയാളുടെ മുഖം വ്യക്തമല്ല. കൈയില്‍ സഞ്ചിയുമായാണ് ഇദേഹം മദ്യശാലയില്‍ എത്തിയത്. യൂണിഫോമില്‍ നിന്ന് ഇയാള്‍ സബ് ഇന്‍സ്പെക്ടര്‍ ആണെന്ന് വ്യക്തമാണ്.
ക്യൂ തെറ്റിച്ച ഇയാള്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം ലംഘിച്ചുവെന്ന് മദ്യം വാങ്ങാനെത്തിയ മറ്റുള്ളവര്‍ പറഞ്ഞു. പ്രദേശവാസികളും മാധ്യമപ്രവര്‍ത്തകരും ഇയാള്‍ ആരാണെന്ന് അറിയാന്‍ ശ്രമിച്ചുവെങ്കിലും ഇദേഹം ബൈക്കില്‍ കയറി ഉടന്‍ തന്നെ സ്ഥലം വിട്ടു.
ഇയാള്‍ മദ്യശാലയ്ക്കു മുന്‍പില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മൂര്‍ഷിദാബാദ് പോലീസ് അസിസ്റ്റന്റ് സുപ്രണ്ടന്റ് പറഞ്ഞു.
പോലീസുദ്യോഗസ്ഥന്‍ യൂണിഫോമില്‍ മദ്യം വാങ്ങുന്നത് ശരിയായ കാര്യമല്ലെന്നും എന്നാല്‍ ആരാണെന്ന് തിരിച്ചറിഞ്ഞാല്‍ കര്‍ശനമായും നടപടി സ്വീകരിക്കുമെന്നും അദേഹം അറിയിച്ചു.