25.4 C
Kottayam
Friday, May 17, 2024

കൊല്ലത്ത് പോലീസുദ്യോഗസ്ഥന്‍ മരിച്ചത് വ്യാജമദ്യം കുടിച്ച്,സുഹൃത്ത് അറസ്റ്റില്‍

Must read

കൊല്ലം:കടക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അഖില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഒപ്പമിരുന്ന് മദ്യപിച്ച കടക്കല്‍ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഇവര് കുടിച്ചത് സ്പിരിറ്റ് ആണെന്നും വിഷ്ണുവാണ് ഇത് എത്തിച്ചതെന്നും പൊലീസ് പറയുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറം പൊലീസ് ക്യാമ്പിലെ കമാന്‍ഡോയായ അഖില്‍ നാട്ടിലെത്തിയത്. അന്ന് നാട്ടില്‍ എത്തിയ ഉടനെ മദ്യം കിട്ടാന്‍ സാധ്യതയുണ്ടോ എന്ന് ചോദിച്ച് സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ അഖില്‍ ഒരു സന്ദേശം അയച്ചിരുന്നു.

ഉടന്‍ തന്നെ തന്റെ കൈയില്‍ മദ്യം ഉണ്ടെന്ന് വിഷ്ണു പറഞ്ഞതായി പൊലീസ് പറയുന്നു. തുടര്‍ന്ന് അഖില്‍ വിഷ്ണുവിന്റെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് മദ്യവുമായി ഇരുവരും മറ്റൊരു സുഹൃത്തായ ഗിരീഷിന്റെ വീട്ടിലേക്ക് പോയി. ഇവിടെവച്ച് മറ്റൊരു സുഹൃത്തിനെ കൂടി വിളിച്ചുവരുത്തി. നാലുപേരും ചേര്‍ന്ന് വിഷ്ണു കൊണ്ടുവന്ന മദ്യം കഴിച്ചു.ശനിയാഴ്ച രാവിലെ മുതല്‍ അഖിലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഛര്‍ദ്ദിലുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടിയില്ല. ആ സമയത്ത് വിഷ്ണു കാര്യമായി മദ്യം കഴിച്ചിരുന്നില്ല.

മദ്യം കഴിച്ചശേഷം നാലുപേരും വീടുകളിലേക്ക് പോയി. മദ്യം കഴിച്ച മൂന്നുപേര്‍ക്ക് വീട്ടില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാല്‍ വിഷ്ണുവിന് അസ്വസ്ഥത ഉണ്ടാവാതിരുന്നത് പൊലീസിന് സംശയം വര്‍ധിപ്പിച്ചു. പിന്നീട് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സ്പിരിറ്റാണ് താന്‍ നല്‍കിയതെന്ന് വിഷ്ണു തുറന്നുപറഞ്ഞതായി പൊലീസ് പറയുന്നു.

മുമ്പും ഇവര്‍ സ്പിരിറ്റ് കുടിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. അന്ന് ശീതളപാനിയത്തില്‍ കലര്‍ത്തി കഴിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായെന്നാണ് വിഷ്ണു പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അതുകൊണ്ടാണ് ഇത്തവണ കുറച്ച് മാത്രം മദ്യപിച്ചതെന്നും വിഷ്ണു മൊഴി നല്‍കി.സ്പിരിറ്റ് എങ്ങനെ ലഭിച്ചു എന്ന കാര്യം അന്വേഷിച്ചുവരുന്നതായി പൊലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week