കൊല്ലം: നോട്ട് നിരോധനം നിലവില്‍ വന്നതോടെ രാജ്യത്തു ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചുവരുകയാണ്. ഇപ്പോഴിതാ കൈക്കൂലി വാങ്ങലും ഡിജിറ്റലായി എന്ന താരത്തിലൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. തെന്മല പോലീസ് സ്റ്റേഷനില്‍ സജിത്ത് എന്ന ഉദ്യോഗസ്ഥനാണ് ഗൂഗിള്‍ പേ വഴി 2000 രൂപ കൈക്കൂലി വാങ്ങിയത്.
തമിഴ്നാട്ടില്‍ നിന്നും ഓച്ചിറയിലേക്ക് എത്തിയ യുവാക്കളുടെ പക്കല്‍ നിന്നും ഗൂഗിള്‍ പേ വഴിയാണ് ഇയാള്‍ 2000 രൂപ കൈക്കൂലി വാങ്ങിയത്. ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഇടപാട് റൂറല്‍ എസ്.പി ഹരിശങ്കര്‍ കൈയോടെ പിടികൂടുകയും പോലീസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലം റൂറലില്‍ നിന്ന് തെന്മലയില്‍ അറ്റാച്ച് ചെയ്ത ഉദ്യോസ്ഥനാണ് സജിത്ത്. കൊവിഡ് ജാഗ്രത പാസില്ലാതെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ആള്‍ക്കാരെ കടത്തുന്നതിനായിരുന്നു കൈക്കൂലി.
കോട്ടവാസലില്‍ നിന്നു ഓട്ടോറിക്ഷയിലാണ് ആളെ കയറ്റി വിടുന്നത്. ഓട്ടോറിക്ഷക്കാരന് 3,000 രൂപയും പോലീസ് ഉദ്യോഗസ്ഥന് 2000 രൂപയും നല്‍കി. തമിഴ്നാട്ടില്‍ നിന്നും ഓച്ചിറയിലേക്ക് എത്തിയ യുവാക്കളുടെ പക്കല്‍ നിന്നും ഇതേ തരത്തില്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണത്തില്ലാത്തതിനാല്‍ യുവാക്കളില്‍ ഒരാള്‍ സഹോദരിയുടെ ഫോണില്‍ നിന്ന് പോലീസുകാരന് ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു.
കൊവിഡ് 19 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ ക്വറന്റീനില്‍ പോകേണ്ടിവരും. ഇത് ഒഴിവാക്കാനാണ് കൈക്കൂലി നല്‍കി അതിര്‍ത്തി കടക്കാന്‍ യുവാക്കള്‍ ശ്രമിച്ചത്. ആര്യങ്കാവില്‍ ഉള്ള ഓട്ടോറിക്ഷകള്‍ക്ക് അതിര്‍ത്തി കടക്കുന്നതിന് തടസ്സങ്ങളില്ല. ഇത് മറയാക്കിയാണ് ആളെ കടത്ത് നടത്തുന്നത്.