കൊച്ചി: കൊച്ചിയില്‍ നടിയെ അപമാനിച്ച കേസില്‍ പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതികള്‍ കൊറിയര്‍ സര്‍വീസുകാരാണ്. പ്രതികളുടെ കൊച്ചി സന്ദര്‍ശനത്തിലും പോലീസിന് സംശയങ്ങളുണ്ട്. അതേസമയം, പ്രതികള്‍ മങ്കട പോലീസില്‍ കീഴടങ്ങുമെന്ന് പറഞ്ഞത് തെറ്റിദ്ധപ്പിക്കാന്‍ ആണെന്നാണ് പോലീസ് നിഗമനം. പ്രതികളുടെ അവസാന പ്രതികരണത്തിന് ശേഷം രണ്ടു പേരുടേയും മൊബൈല്‍ ഓഫ് ആണെന്നും സൈബര്‍ സെല്‍ അറിയിച്ചു.
മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിന്‍ഷാദ്,ആദില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്യാന്‍ കളമശേരി സിഐയും സംഘവും പെരിന്തല്‍മണ്ണയിലെത്തിയിരുന്നു. എന്നാല്‍ പ്രതികള്‍ ഇന്ന് തന്നെ കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ അറിയിച്ചു. ഇതിന് പിന്നാലെ പ്രതികളുടെ അഭിഭാഷകനും, കളമശേരി പോലീസും കളമശേരിയിലേക്ക് തിരിച്ചു.
കൊച്ചിയിലെ മാളില്‍ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവശേഷം മെട്രോയില്‍ കയറിയ പ്രതികള്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മലബാറിലേക്ക് ട്രെയിന്‍ കയറിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പെരിന്തല്‍മണ്ണയില്‍ നിന്ന് ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് പ്രതികള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ റിന്‍ഷാദും ആദിലും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ജോലി ആവശ്യത്തിനാണ് കൊച്ചിയില്‍ എത്തിയതെന്നും ലുലുമാളില്‍ വച്ച് അബദ്ധത്തില്‍ കൈ തട്ടിയത് ആണെന്നും വിശദീകരിച്ചു.
പ്രതികളുടെ വാദങ്ങള്‍ക്ക് വിരുദ്ധമാണ് സിസിടിവി ദൃശ്യങ്ങളും എറണാകുളത്തെ സഞ്ചാരവും. പ്രശ്‌നം ചര്‍ച്ചയായതോടെ അഭിഭാഷകരെ സമീപിച്ച് ഒളിവില്‍ പോയ പ്രതികള്‍ കോയമ്പത്തൂരിലേക്ക് കടന്നു എന്നാണ് വിവരം. നടിയുടെ അമ്മയുടെ മൊഴി അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്താരിക്കുന്നത്. ഇതിനിടെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.