കൊച്ചി: നടന്‍ ദിലീപിനെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ചോദ്യം ചെയ്യല്‍. ഇതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ചു. കൊച്ചിയിലേക്ക് വരാന്‍ തയ്യാറായിരിക്കാനാണ് പോലീസ് ഇന്നലെ വൈകീട്ട് നല്‍കിയ നിര്‍ദേശം എന്ന് ബാലചന്ദ്രകുമാര്‍ ഒരു ചാനലിനോട് പ്രതികരിച്ചു. ദിലീപിന്റെയും സംഘത്തിന്റെയും ചോദ്യം ചെയ്യലിന് ശേഷം ഹാജറാവാനാണ് നിര്‍ദേശം.
ബുധനാഴ്ചയായിരിക്കും ബാല ചന്ദ്രകുമാറില്‍ നിന്നും മൊഴിയെടുക്കുക. ഗൂഢാലോചന കേസില്‍ ചൊവ്വാഴ്ച വരെയാണ് ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം ബാലചന്ദ്രകുമാറിന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. ഇന്ന് രാവിലെ രാവിലെ 9 മണിക്ക് തന്നെ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിയിരുന്നു. പിന്നാലെ തന്നെ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നു. കേസിലെ മറ്റ് അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ഹാജറായിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദര ഭര്‍ത്താവ് സുരാജ്, സുഹൃത്ത് അപ്പു, ബൈജു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
തന്റെ വെളിപ്പെടുത്തലുകള്‍ക്ക് മലയാളത്തിലെ നിരവധി താരങ്ങളുടെ പിന്തുണ ലഭിച്ചെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരിന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ പിന്തുണ ലഭിച്ചെന്നും ഇദ്ദേഹം പറഞ്ഞു. ‘മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ട് പോവാന്‍ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങള്‍ അറിയുന്നവരും അറിയാത്തവരും മെസേജ് അയക്കുന്നുണ്ട്,’ ബാലചന്ദ്രകുമാര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുകയാണ്.