കൊച്ചി: കിഴക്കമ്പലത്ത് പോലീസിനു നേരേയുണ്ടായ ആക്രമണത്തെ അപലപിച്ച് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും രംഗത്ത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഇതരസംസ്ഥാന തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ആക്രമണം നടത്തുന്നു എന്നറിഞ്ഞപ്പോള്‍ ക്രമസമാധാന പാലനത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് കിരാതമായ ആക്രമണം നടന്നത്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഓഫീസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരേ ഉണ്ടാകുന്ന അതിക്രമങ്ങളെയും കൈയേറ്റങ്ങളെയും കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയും ശക്തമായി അപലപിച്ചു. പോലീസിനെ ആക്രമിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.പ്രവീണ്‍ ആവശ്യപ്പെട്ടു.