KeralaNews

പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ കടുത്ത നടപടിയുമായി സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ 500 രൂപ പിഴ. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരമാണ് പിഴ ഒടുക്കേണ്ടി വരിക. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ നിശ്ചയിച്ച് കേരള പോലീസ് ആക്ട് ചട്ടം ഭേദഗതി ചെയ്തിരുന്നു. ഇതോടൊപ്പം പോലീസ് ആക്ടില്‍ നിര്‍വചിച്ചിട്ടില്ലാത്ത കുറ്റകൃത്യങ്ങള്‍ക്കും പിഴയിടാക്കാമെന്ന് ഭേദഗതി വരുത്തി. ഇതോടെയാണ് പൊതുസ്ഥലത്തെ മലമൂത്രവിസര്‍ജനം പിഴ അടയ്‌ക്കേണ്ട കുറ്റകൃത്യമായത്.

കുറ്റകൃത്യങ്ങള്‍ക്ക് അനുസരിച്ച് 500 മുതല്‍ 5000 രൂപവരെയാണ് പിഴ. 1000 രൂപവരെയുള്ള പിഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനു മുകളില്‍, 5000 രൂപവരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഈടാക്കാനാകും.

മറ്റ് കുറ്റങ്ങളും പിഴയും:

പോലീസിന്റെ ചുമതലയോ അധികാരമോ ഏറ്റെടുത്താല്‍ 5000 രൂപ. പോലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നല്‍കിയാലും പോലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയ അവശ്യസര്‍വീസുകളെ വഴിതെറ്റിക്കുകയോ വ്യാജസന്ദേശം നല്‍കുകയോ ചെയ്താലും 5000 രൂപ.

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലഹരിപദാര്‍ഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വില്‍ക്കുകയോ സ്‌കൂള്‍ പരിസരത്ത് സൂക്ഷിക്കുകയോ ചെയ്താല്‍ 5000 രൂപ. മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമയത്തിനും അരമണിക്കൂര്‍ മുമ്പും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോയാല്‍ 500 രൂപ.

വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയില്‍ കൂടുതല്‍ തള്ളിനില്‍ക്കുന്ന സാധനവുമായി സഞ്ചരിച്ചാല്‍ 500 രൂപ. വളര്‍ത്തുമൃഗങ്ങളെ അയല്‍വാസികള്‍ക്കോ പൊതുജനങ്ങള്‍ക്കോ അസൗകര്യമുണ്ടാക്കുന്നവിധത്തില്‍ അലക്ഷ്യമായിവിട്ടാല്‍ 500 രൂപ. മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകള്‍ പതിച്ചാല്‍ 1000 രൂപ. ഫോണ്‍, ഇ-മെയില്‍ തുടങ്ങിയവവഴി ഒരാള്‍ക്ക് ശല്യമുണ്ടാക്കിയാല്‍ 1000 രൂപ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button