ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി മന്ത്രി സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിലെ പ്രധാന വേദിക്ക് പിന്നിലൂടെ ഒരു ജീവി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ വെെറലായിരുന്നു. ഇത് പുള്ളിപ്പുലിയാണെന്നായിരുന്നു പലരും പ്രചരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ സംഭവത്തിൽ വ്യക്തതവരുത്തിയിരിക്കുകയാണ് ഡൽഹി പൊലീസ്. തങ്ങളുടെ എക്സ് പേജിലൂടെയാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. അത് ഒരു വളർത്തുപൂച്ചയാണെന്നും വന്യജീവിയല്ലെന്നുമാണ് ഡൽഹി പൊലീസ് വ്യക്തമാക്കിയത്
ഞായറാഴ്ച വെെകിട്ട് രാഷ്ട്രപതിഭവനിൽ മന്ത്രിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോഴാണ് സംഭവം ഉണ്ടാക്കുന്നത്. ബിജെപി എംപി ദുർഗാദാസ് സത്യപ്രതിജ്ഞാ നടപടികൾ പൂർത്തിയാക്കിയതിനുശേഷം രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനിടെ പുറകിലായി ഒരു ജീവി പ്രത്യക്ഷപ്പെട്ടതാണ് വൈറലായ വീഡിയോയിൽ ഉണ്ടായിരുന്നത്. വേദിയിലെ പടികൾക്ക് മുകളിലായി ഒരു ജീവി നടന്നുപോകുന്നത് കാണാം.
ആ സമയത്ത് അത് ആരും ശ്രദ്ധിച്ചിരുന്നില്ല. ശേഷം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെയാണ് പലതരത്തിലുള്ള അഭിപ്രായങ്ങളും വന്നത്. നടന്നുപോയത് പൂച്ചയാണെന്നും നായയാണെന്നും പുലിയാണെന്നുമുള്ള വാദങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നത്. ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഇത് ഏറ്റെടുത്തു. ഇതോടെയാണ് ഡൽഹി പൊലീസ് വിശദീകരണവുമായി എത്തിയത്.
‘ചില മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയാ പേജുകളിലും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിലുടെ ഒരു ജീവി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇത് വന്യജീവിയാണെന്നാണ് പലരും പറഞ്ഞത്. എന്നാൽ അത് ശരിയായ വിവരം അല്ല. അത് ഒരു വളർത്തുപൂച്ച മാത്രമാണ്. കിംവദന്തികൾ പരത്തരുത്’, പൊലീസ് എക്സിൽ കുറിച്ചു.