അതിരപ്പിള്ളി: മാതാപിതാക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. വെറ്റിലപ്പാറ പാലത്തിനു സമീപം ചാലക്കുടിപ്പുഴയില്‍ മാതാപിതാക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പാലാരിവട്ടം പള്ളിശേരില്‍ റോഡ് അമിറ്റി ലെയിനില്‍ കിരിയാന്തന്‍ വീട്ടില്‍ വിനു വര്‍ഗീസിന്റെ മകള്‍ ഐറിന്‍ (16) ആണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരമണിയോടെയാണ് അപകടം.
ബന്ധുക്കളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരും പാലത്തിനു സമീപമുള്ള കച്ചവടക്കാരും തിരച്ചില്‍ നടത്തി കുട്ടിയെ കണ്ടെടുത്തു ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാക്കനാട് ചെമ്പ് മുക്ക് അസീസി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. മാതാവ്: അനു, സഹോദരന്‍: റൂബന്‍. അതേസമയം പ്രളയത്തിനു ശേഷം ചാലക്കുടി പുഴയില്‍ മുങ്ങിമരണങ്ങള്‍ കൂടിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഗതിമാറ്റം അറിയാതെ പുഴയില്‍ ഇറങ്ങുന്ന സഞ്ചാരികളുടെ ജീവനാണ് അപകടത്തില്‍പെടുന്നത്. കുളിക്കാനിറങ്ങുന്നവരെ നിയന്ത്രിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും നിലവില്‍ സംവിധാനങ്ങളില്ല.
ആളൊഴിഞ്ഞ മേഖലയില്‍ കുളിക്കാനിറങ്ങുന്നവര്‍ അപകടത്തില്‍പ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തകരുടെ സേവനം വൈകുന്നു. ശനിയാഴ്ച വൈകിട്ട് വെറ്റിലപ്പാറ പ്ലാന്റേഷന്‍ കടവില്‍ കുടുബാംഗങ്ങള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മുങ്ങി മരിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് വിദ്യാര്‍ഥിനി ആഴങ്ങളിലേക്ക് മുങ്ങി താഴ്ന്നത്.
തീരത്ത് വനസംരക്ഷണ സമിതി ജീവനക്കാരെ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഇനിയും നടപ്പാക്കിയിട്ടില്ല. ഉദ്യോഗസ്ഥരുടെ എണ്ണക്കുറവു മൂലം തിരക്കുള്ള സ്ഥലങ്ങളില്‍ ടൂറിസം പോലീസിന്റെ സേവനം ലഭ്യമല്ല. അപകട സൂചന നല്‍കുന്ന ബോര്‍ഡുകളും സൂരക്ഷാ ജീവനക്കാരെയും ഏര്‍പ്പെടുത്തിയാല്‍ സന്ദര്‍ശകര്‍ പുഴയില്‍ ഇറങ്ങി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും എന്ന് നാട്ടുകാര്‍ പറയുന്നു.