KeralaNews

Plus one Examinations : പ്ലസ് വണ്‍ പരീക്ഷകള്‍,തീയതിയിങ്ങനെ, വിദ്യാഭ്യാസ വകുപ്പില്‍ പ്രത്യേക കര്‍മ പദ്ധതി

തിരുവനന്തപുരം: ഇത്തവണത്തെ പ്ലസ് വൺ മാതൃകാ പരീക്ഷ (Plus one Model Examination) ജൂൺ രണ്ടു മുതൽ ഏഴു വരെയും പൊതു പരീക്ഷ (Public Examination) ജൂൺ 13 മുതൽ 30 വരെയും നടക്കുമെന്നു മന്ത്രി അറിയിച്ചു. ജൂലൈ ഒന്നിന് രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ (second year higher secondary classes) ആരംഭിക്കും. ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിൽ പ്രത്യേക കർമ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ തുടക്കമായി ഫയൽ അദാലത്ത് നടത്തും. സംസ്ഥാനതല ഉദ്ഘാടനം മേയ് ഒമ്പതിനു പരീക്ഷാ ഭവനിൽ നടക്കും.

എല്ലാ ജില്ലാ ഓഫിസുകളിലും സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലും വകുപ്പിന്റെ കേന്ദ്ര ഓഫിസുകളിലും അദാലത്തുകൾ നടത്തും. എയ്ഡഡ് സ്‌കൂളുകളിലെ നിയമന അംഗീകാരം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സമന്വയ സോഫ്റ്റ്‌വെയർ  പരിഷ്‌കരിക്കും. അംഗീകാരം ലഭിക്കാതെ വർഷങ്ങളായി തീർപ്പാക്കാതെ ഫയലുകൾ സൂക്ഷിക്കുന്നവരോടു വിശദീകരണം തേടും. ജില്ലാതലത്തിൽ പ്രശ്നപരിഹാരമുണ്ടാക്കും.

എസ്.എസ്.എൽ.സി. പരീക്ഷാ മാന്വൽ കഴിഞ്ഞ അധ്യയന വർഷം ഹയർ സെക്കൻഡറി പരീക്ഷാ മാന്വൽ പരിഷ്‌കരിച്ച രീതിയിൽ ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കായി പ്രത്യേക മാന്വൽ തയാറാക്കും. 16 വർഷത്തിനു ശേഷമാണ് പുതിയ മാന്വൽ തയാറാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഇതിന്റെ തുടർ നടപടികൾക്കു ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളുടെ നടത്തിപ്പും പ്രവർത്തനവും സംബന്ധിച്ച സ്‌കൂൾ മാന്വലും തയാറാക്കും.

വിദ്യാലയങ്ങളുടെ പ്രവർത്തനം സമഗ്രമായി പ്രതിപാദിക്കുന്ന ആധികാരിക രേഖയായിരിക്കും ഇത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ വിശദമായ ചർച്ച നടത്തിയാകും ഇതിന്റെ അന്തിമ രൂപം തയാറാക്കുക. സ്‌കൂൾ മാന്വലിന്റെ ഭാഗമായി അധ്യാപക – രക്ഷാകർതൃ സംഘടനകളുടെ പ്രവർത്തനമടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശമുണ്ടാകും. സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്‌കൂളുകൾക്കും ഇതു ബാധമായിരിക്കും.

സ്‌കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങൾ സംബന്ധിച്ച മാസ്റ്റർപ്ലാൻ തയാറാക്കും. പാഠ്യ – പാഠ്യേതര വിഷയങ്ങളിലെ മികവു മുൻനിർത്തിയാകും ഇതു തയാറാക്കുന്നത്. പ്രാദേശിക സവിശേഷതകൾ ഉൾക്കൊണ്ടുള്ള ദീർഘവീക്ഷണത്തോടെ തയാറാക്കുന്ന മാസ്റ്റർ പ്ലാനിന് സ്‌കൂളുകൾ കേന്ദ്രീകരിച്ചു നടത്തുന്ന ജനകീയ കൂട്ടായ്മകൾ അന്തിമ രൂപം നൽകും. സ്‌കൂൾ നിൽക്കുന്ന പ്രദേശത്തിന്റെ സവിശേഷ സാഹചര്യം മുൻനിർത്തിയാകണം മാസ്റ്റർ പ്ലാൻ തയാറാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.


വരുന്ന അധ്യയന വർഷവും കൂടുതൽ മികവാർന്ന രീതിയിൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കും. അധ്യാപക – രക്ഷാകർതൃ സംഘടനയുടേയും സർക്കാർ, സർക്കാർ ഇതര സംഘടനകളുടേയും സഹായത്തോടെയാകും ഇതു നടപ്പാക്കുക. എല്ലാ സ്‌കൂളുകളിലും പൂർവ വിദ്യാർഥി സംഘടനകൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഇവർക്കും വലിയ സഹായം നൽകാൻ കഴിയും. 12,306 സ്‌കൂളുകളാണ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലുള്ളത്.

എട്ടാം ക്ലാസ് വരെയുള്ള 30 ലക്ഷം വിദ്യാർഥികൾക്കു പോഷകപ്രദമായ ഉച്ചഭക്ഷണം നൽകുന്നുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം പാൽ, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിവ നൽകുന്ന സമഗ്ര പോഷകാഹാര പദ്ധതിയായാണ് ഇതു നടത്തുന്നത്. എല്ലാ സ്‌കൂളുകളിലും പച്ചക്കറി തോട്ടങ്ങൾ നിർമിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. ഇവിടങ്ങളിൽനിന്നു ലഭിക്കുന്ന പച്ചക്കറി സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉപയോഗപ്പെടുത്താനാകും.

സംസ്ഥാനത്ത് അഞ്ചു കോടി രൂപ വീതം മുടക്കി 141 സ്‌കൂൾ കെട്ടിടങ്ങൾ നിർമിക്കാൻ തീരുമാനിച്ചിരുന്നതിൽ 125 എണ്ണം പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു. മൂന്നു കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന പദ്ധതിയിൽ 386 സ്‌കൂൾ കെട്ടിടങ്ങളിൽ 114 എണ്ണം പൂർത്തീകരിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതു തടയാൻ വിദ്യാർഥികളേയും അധ്യാപകരെയും രക്ഷകർത്താക്കളേയും ബോധവത്കരിക്കുന്നതിനു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഇടപെടൽ നടത്തും.

വിദ്യാർഥികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നതായുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇതു പൂർണമായി ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ വകുപ്പ് സ്വീകരിക്കും. ഇതു സംബന്ധിച്ചു വിദ്യാലയങ്ങളിൽ ബോധവത്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker