KeralaNews

പ്ലസ് വൺ പരീക്ഷ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമയത്ത് പരീക്ഷ നടത്താനാവശ്യമായ ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൻ്റെ പൂർണ്ണരൂപം

ഇന്ന് 24,166 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,35,232 പരിശോധനകള്‍ നടത്തി. 181 പേര്‍ മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 2,41,966 പേരാണ്. ഇന്ന് 30,539 പേര്‍ രോഗമുക്തരായി.

മെയ് 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.40 ആണ്. മെയ് 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ അത് 22.55 ആയിരുന്നു. ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ 12.61 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തില്‍ 9.03 ശതമാനവും കുറവുണ്ടായിരിക്കുന്നു.

കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും. മൂന്നുലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസ്സുവരെ 2000 രൂപ മാസംതോറും നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു.

പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ഈ ജില്ലകളില്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കടുത്ത സമയത്ത് നടത്താന്‍ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കോവിഡ് ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കും.

ഓണ്‍ലൈന്‍ അഡ്വൈസിന്‍റെ വേഗത വര്‍ധിപ്പിക്കണമെന്ന് പിഎസ്സിയോട് ആവശ്യപ്പെട്ടു.

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്കകള്‍ ഉയരുന്നുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തും. 52 പേര്‍ക്ക് മാത്രമാണ് നിലവില്‍ ഇവിടെ രോഗം വന്നിട്ടുള്ളത്. എന്നിട്ടും ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.

കാലവര്‍ഷ ഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാകുകമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തും.

നിര്‍മാണ മേഖലയില്‍ മെറ്റല്‍ കിട്ടാത്ത പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ ക്രഷറുകള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും.

ഓക്സിമീറ്റര്‍ സ്വന്തമായി ഉണ്ടാക്കുമെന്ന് കെല്‍ട്രോണ്‍ അറിയിച്ചിട്ടുണ്ട്. അത് പരമാവധി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.

ആവശ്യമായ മരുന്നുകള്‍ വാങ്ങിനില്‍കാന്‍ വിദേശത്തുള്ള പലരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, പല മരുന്നുകളും അവര്‍ക്ക് അവിടെ ലഭ്യമല്ല. അത് എവിടെനിന്നാണ് ലഭ്യമാവുക എന്ന് അറിയിച്ചാല്‍ വാങ്ങി നല്‍കാന്‍ തയ്യാറാണെന്നാണ് പല വിദേശ മലയാളികളും അറിയിച്ചിട്ടുള്ളത്. കെഎംഎസ്സിഎല്‍ നോര്‍ക്കയുമായി ചേര്‍ന്ന് ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തും.

സ്ത്രീകള്‍ക്ക് ആവശ്യമുള്ള ശുചിത്വ വസ്തുക്കള്‍ നിലവില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാണ്. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്നും അവ മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കാന്‍ അനുമതി നല്‍കും.

നേത്ര പരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുകയും സഹായിക്കുകകും ചെയ്യുന്ന ഉപകരണങ്ങള്‍, കൃത്രിമ അവയവങ്ങള്‍ എന്നിവ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ നന്നാക്കുന്ന ഷോപ്പുകള്‍ എന്നിവ രണ്ടുദിവസം തുറക്കുന്നതിനും അനുമതി നല്‍കും.

രണ്ടാമത്തെ കോവിഡ് തരംഗം ഉച്ചസ്ഥായിയില്‍ എത്തി രോഗവ്യാപനം കുറയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച് ആയിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇക്കാര്യം മുന്‍പ് വിശദമാക്കിയതാണ്. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തില്‍ രോഗബാധിതരായവര്‍ക്കിടയില്‍ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണസംഖ്യ ഉയരുന്നത്. മരണസംഖ്യയില്‍ കാര്യമായ കുറവുണ്ടാകാന്‍ നാലാഴ്ച വരെ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രോഗവ്യാപനത്തിന്‍റെ വേഗം പിടിച്ചുനിര്‍ത്തി ആരോഗ്യസംവിധാനത്തിനുള്‍ക്കൊള്ളാവുന്ന പരിധിക്ക് താഴെ നിര്‍ത്തുക എന്ന നയമാണ് നാം തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് മറ്റു പ്രദേശങ്ങളേക്കാള്‍ നീണ്ടു നില്‍ക്കുന്ന രോഗവ്യാപനത്തില്‍ അധികമായി ആശങ്ക ഉണ്ടാകേണ്ടതില്ല. ആളുകളുടെ ജീവന്‍ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം ഏറ്റവും നന്നായി നിര്‍വഹിക്കുക എന്നതിന് പ്രാധാന്യം നല്‍കിയേ തീരൂ.

ലോക്ഡൗണ്‍ ഇളവുകള്‍ ലഭിക്കുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മനുഷ്യസഹജമാണ്. കേരളത്തിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയാണ്. അതുകൊണ്ട് ലോക്ഡൗണ്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കോവിഡ് വ്യാപനത്തിനിടയാക്കുന്ന വിധത്തിലുള്ള പെരുമാറ്റവും പ്രവര്‍ത്തനങ്ങളും ഉണ്ടാകാതെ നമ്മള്‍ നോക്കണം.

മാസ്ക്, സാനിറ്റൈസര്‍ മുതലായ കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിലയ്ക്ക് തന്നെ വില്‍ക്കണമെന്ന് നേരത്തേ ഉത്തരവായിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും ഇവ വിലകൂട്ടി വില്‍ക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കൂടിയ വിലയ്ക്ക് ഇത്തരം സാധനങ്ങള്‍ വിറ്റ കാസര്‍കോട്ടെ ചെര്‍ക്കളം, മഞ്ചേശ്വരം, ബദിയടുക്ക എന്നിവിടങ്ങളിലെ മൂന്ന് മരുന്നുകടകള്‍ക്കെതിരേ കേസെടുക്കുകയും അവ അടപ്പിക്കുകയും ചെയ്തു. തൊടുപുഴയില്‍ ഒരു സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടു മുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്ന രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കളെ യഥാസമയം അറിയിക്കലും ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്‍ററിനോട് മികച്ച പ്രതികരണമാണ് ആദ്യ ദിവസങ്ങളില്‍ത്തന്നെ ഉണ്ടാകുന്നത്.

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. കഴിഞ്ഞ നാലുദിവസവും ജില്ലയില്‍ 2000ന് താഴെയാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 15.16 ശതമാനമാണ് ബുധനാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ ടിപിആര്‍ ആണ് ഇത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ജനങ്ങളെ ആശ്വസിപ്പിച്ചും ബോധവല്‍കരിച്ചുമുള്ള സന്ദേശം പുറപ്പെടുവിക്കാന്‍ കാസര്‍കോട് ജില്ലയിലെ ആരാധനാലയങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കോവിഡ് വാക്സിനേഷന്‍ സെന്‍ററിന്‍റെ വിപുലീകരണത്തിനായി തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റി മദ്രസ കെട്ടിടം വിട്ടുനല്‍കി.

എടത്വയില്‍ കോവിഡ് ബാധിച്ച് മരിച്ച ഇടവക അംഗമല്ലാത്തയാളുടെ മൃതദേഹം വെള്ളക്കെട്ടിനെ തുടര്‍ന്ന് സംസ്കരിക്കാന്‍ കഴിയാത്തതിനാല്‍ എടത്വ സെന്‍റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ ചിതയൊരുക്കാന്‍ അനുവാദം നല്‍കിയ പള്ളി അധികാരികളുടെ നടപടി അഭിനന്ദാര്‍ഹമാണ്.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും കോവിഡ് ബ്രിഗേഡിന്‍റെ ഭാഗമാകാന്‍ ഇതുവരെ ലഭിച്ചത് 74,032 അപേക്ഷകളാണ്. അതില്‍ എല്ലാവരേയും തന്നെ അതാത് ജില്ലകളില്‍ നിന്നും ബന്ധപ്പെടുകയും 8467 പേരെ നിയമിക്കുകയും ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി കോവിഡ് ബ്രിഗേഡിലെയ്ക്ക് 23,975 അപേക്ഷകള്‍ക്ക് അനുമതി നല്‍കി. അതില്‍ 17,524 പേരെ നിയമിച്ചു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറത്തും ലോക്ക്ഡൗണ്‍ നിലവിലുള്ള മറ്റു ജില്ലകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസിന്‍റെ പ്രത്യേകസംഘം വാഹനപരിശോധന നടത്തിവരുന്നു. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 8,188 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,776 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 36,24,550 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

പല ജില്ലകളിലും വ്യാജമദ്യത്തിന്‍റെ നിര്‍മാണവും ഉപയോഗവും വന്‍തോതില്‍ വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയുടെ ഉല്‍പാദന വിതരണ കേന്ദ്രങ്ങളില്‍ പൊലീസും എക്സൈസും ചേര്‍ന്ന് പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

*വ്യാജ പ്രചരണം*

വാക്സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മരണപ്പെടുമെന്ന ഒരു വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അത് പരിപൂര്‍ണമായും വ്യാജമാണെന്ന് ആ പ്രസ്താവന നല്‍കിയതായി വാര്‍ത്തയില്‍ പറയുന്ന ശാസ്ത്രജ്ഞന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
മനുഷ്യരുടെ അതിജീവനം ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന ഇതുപോലൊരു ഘട്ടത്തില്‍ അതു കൂടുതല്‍ ദുഷ്കരമാക്കുന്ന പ്രചരണങ്ങളിലേര്‍പ്പെടുന്നവര്‍ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്. അതു മനസ്സിലാക്കി, ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അത്തരം പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമങ്ങള്‍ക്കനുസൃതമായി ശക്തമായി സര്‍ക്കാര്‍ നേരിടും.

വാക്സിനേഷന്‍ ആണ് ഈ മഹാമാരിയെ മറികടക്കാന്‍ നമുക്ക് മുന്നിലുള്ള ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തില്‍ തന്നെ ആദ്യഘട്ടത്തില്‍ വാക്സിന്‍ ലഭിച്ച 60 വയസ്സിനു മുകളിലുള്ളവര്‍ക്കിടയില്‍ രണ്ടാമത്തെ തരംഗത്തില്‍ രോഗവ്യാപനം കുറവാണ് എന്നതും, രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വാക്സിനേഷന്‍ ഫലപ്രദമാണ് എന്നതിന്‍റെ തെളിവാണ്. അതുകൊണ്ട്, കുപ്രചരണങ്ങള്‍ക്ക് വിധേയരായി വാക്സിനെടുക്കാതിരിക്കുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകരുത്.

ആളുകള്‍ക്ക് വീട്ടില്‍ ഇരുന്നു കൊണ്ട് ഡോക്ടര്‍മാരുടെ പരിശോധന സ്വീകരിക്കാന്‍ സഹായിക്കുന്ന ഇ സഞ്ജീവനി പദ്ധതി വഴി ഇതുവരെ കേരളത്തില്‍ നടന്നത് 1,52,931 പരിശോധനകളാണ്. ഏകദേശം16,026 മണിക്കൂറുകള്‍ ഇത്രയും പരിശോധനകള്‍ക്കായി ചെലവഴിക്കപ്പെട്ടു. ഇന്ന് മാത്രം ഇതുവരെ നടന്നത് 888 പരിശോധനകളാണ്. 1863 ഡോക്ടര്‍മാരാണ് സംസ്ഥാനത്ത് ഇ സഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

*പ്രധാനമന്ത്രിക്കയച്ച കത്ത്*

ഒമ്പത് തീരദേശ ജില്ലകളിലായി 590 കിലോമീറ്റര്‍ നീളമുള്ള തീരമാണ് കേരളത്തിനുള്ളത്. കടലാക്രമണം കൊണ്ടും മറ്റും വലിയ തോതില്‍ തീരശോഷണം അനുഭവപ്പെടുന്നുണ്ട്. കടല്‍ക്ഷോഭത്തില്‍ വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമായിട്ടുണ്ട്. തീരദേശ നിവാസികളുടെ വീടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റും നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.
എസ്ഡിആര്‍എഫിനും എന്‍ഡിആര്‍എഫിനും അനുവദിക്കുന്ന വാര്‍ഷിക തുകയില്‍ നിന്ന് സംസ്ഥാനതല ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം ഉണ്ട്. പത്തു ശതമാനം വരെയാണ് അങ്ങനെ ഉപയോഗിക്കാവുന്നത്. അതിനനുസൃതമായി തീരശോഷണത്തെ സംസ്ഥാനതല ദുരന്തമായി മുമ്പ് തന്നെ കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അത്തരം ഒരു തീരുമാനം എടുത്തിട്ടില്ല.
അതുകൊണ്ട് തീരശോഷണം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് എസ്ഡിആര്‍എഫ്-എന്‍ഡിആര്‍എഫ് സഹായം അനുവദിക്കാന്‍ കഴിയാത്ത സാഹചര്യം ആണ് നിലവിൽ ഉള്ളത്. ഇത് ചൂണ്ടിക്കാട്ടി തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. അത് ഉന്നയിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡിക്ക് ഇന്ന് കത്തയച്ചിട്ടുണ്ട്.

14-ാം ധന കമ്മീഷന്‍റെ ശുപാര്‍ശകള്‍ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രകൃതി ദുരന്തഘട്ടത്തില്‍ സഹായം നല്‍കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പ്രകാരം എസ്ഡിആര്‍എംഎഫിലൂടെയും എന്‍ഡിആര്‍എംഎഫിലൂടെയും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുന്ന പ്രക്രിയയിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍.
കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ദുരിതാശ്വാസ സഹായം വര്‍ധിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് ഗുണകരമാകും എന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുമ്പോള്‍ ലഭ്യമാക്കുന്ന സഹായം ഇരട്ടിപ്പിക്കണം എന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

*കാലാവസ്ഥ*

സംസ്ഥാനത്ത് വേനല്‍ മഴ സജീവമായി തുടരുകയാണ്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ കൊണ്ട് ആകെ 729.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇത് ഇക്കാലയളവില്‍ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ 131 ശതമാനം അധിക മഴയാണ്. 2018ല്‍ ലഭിച്ചതിലും അധികം വേനല്‍ മഴ ഇതിനോടകം തന്നെ സംസ്ഥാനത്ത് ലഭിച്ചു കഴിഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘യാസ്’ ചുഴലിക്കാറ്റിന്‍റെ സ്വാധീനം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. വരും ദിവസങ്ങളിലും കേരളത്തില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പുള്ളതിനാല്‍ മെയ് 29 വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

വിഴിഞ്ഞം, പൂവാര്‍ മേഖലകളില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ തിരച്ചിലില്‍ കിട്ടി. ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ച വള്ളം ശക്തമായ കാറ്റിലും തിരയിലുംപെട്ടു തകര്‍ന്നത്.

*പരീക്ഷ*

സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം ഉടന്‍ നടത്തിയും, മുടങ്ങിയ പരീക്ഷകള്‍ക്ക് ഇന്‍റേണല്‍ അസ്സെസ്സ്മന്‍റ് മാര്‍ക്കുകളുടെ അടിസ്ഥാനത്തിലും ഫലപ്രഖ്യാപനം ജൂണ്‍ മാസത്തില്‍ നടത്തും.
അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. ഒന്നു മുതല്‍ നാലു വരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker