കണ്ണൂര്‍: രണ്ടാം ക്ലാസുകാരന്‍ മുഹമ്മദ് മാസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു… സ്‌കൂള്‍ തുറക്കണോ… തലയാട്ടിക്കൊണ്ട് വേണമെന്ന് മാസിന്റെ മറുപടി. ഈ വര്‍ഷം തുറക്കണോ എന്നായി മുഖ്യമന്ത്രി. വേണ്ടെന്ന് മാസിന്‍. ഇരുവരും തമ്മിലുള്ള ചര്‍ച്ച എന്തായാലും വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
ചക്കരക്കല്ലില്‍ സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനാവലോകനത്തിനെത്തിയ മുഖ്യമന്ത്രി യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാണാനായി കാത്തുനില്‍ക്കുകയായിരുന്നു മാസിന്‍. സിപിഎം ഏരിയാ സെക്രട്ടറി പികെ ശബരീഷിനൊപ്പം പുറത്തിറങ്ങിയ മുഖ്യമന്ത്രി നല്ല മാസ്‌കാണല്ലോയെന്ന് മാസിനോട് കുശലം പറഞ്ഞു. സാറിനെ കാണാനായി കാത്തുനില്‍ക്കുകയാണെന്ന് പോലീസുകാര്‍ പറഞ്ഞു.
പിന്നാലെ, കുനിഞ്ഞ് ഏതു ക്ലാസിലാണെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. സ്‌കൂളില്ലല്ലോ എന്ന് കുട്ടി. പിന്നെയും ചോദിച്ചപ്പോള്‍ രണ്ടാം ക്ലാസിലെന്ന് മറുപടി. ഓണ്‍ലൈന്‍ ക്ലാസില്ലേയെന്നും പരീക്ഷയില്ലേയെന്നുമെല്ലാം മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍. ഒടുവിലാണ് സ്‌കൂള്‍ തുറക്കല്‍ ‘ചര്‍ച്ച’യായത്. അഞ്ചരക്കണ്ടി പാളയത്തെ മാപ്പിള എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് മാസിന്‍ ബാവോട് ദാറുല്‍ഹുദയിലെ തൗഫീഖിന്റെ മകനാണ്.