തിരുവനന്തപുരം:നാർക്കോട്ടിക്ക് ജിഹാദ് (narcotics jihad) പരാമർശത്തിൽ വീണ്ടും പാല ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan) പാലാ ബിഷപ്പിന്റെ പരാമർശം നിർഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി, അതിലൂടെ നിർഭാഗ്യകരമായ വിവാദവും ഉയർന്നുവന്നുവെന്നും പറഞ്ഞു.. അത്യന്തം നിർഭാഗ്യകരമായ രീതിയിൽ വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ വലിയ തോതിൽ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മുഖ്യമന്ത്രിയുടെ വാക്കുകളിങ്ങനെ
ലൗ ജിഹാദും, നാർകോടിക് ജിഹാദുമാണ് ചർച്ച. പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീ കൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തത്പര കക്ഷികളുടെ വ്യാമോഹം അങ്ങിനെ തന്നെ അവസാനിക്കും.
ചിലർ ഇപ്പോൾ പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വസ്തുതയുടെ പിൻബലമില്ല. കേരളത്തിലെ മതപരിവർത്തനത്തിനും മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ടവരുടെ വിവരങ്ങൾ വിലയിരുത്തിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് പ്രത്യേക പങ്കില്ലെന്ന് മനസിലാകും. ഇതിനൊന്നിനും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയിൽ പെടുത്താൻ കഴിയുകയുമില്ല. ക്രിസ്തുമതത്തിൽ നിന്നും ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവർത്തനം നടത്തുന്നുവെന്നത് അടിസ്ഥാന രഹിതമാണ്.
നിർബന്ധിത മതപരിവർത്തനത്തിന് പരാതികൾ ലഭിച്ചിട്ടില്ല. കോട്ടയം സ്വദേശി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത മതപരിവർത്തനമാണെന്ന് ആരോപണം ഉയർന്നിരുന്നു. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ആരോപണം വാസ്തവവിരുദ്ധമാണെന്നും പ്രായപൂർത്തിയും മതിയായ വിദ്യാഭ്യാസവുമുള്ള വ്യക്തി സ്വന്തം ഇഷ്ടപ്രകാരം നടത്തിയതാണെന്നും കണ്ടെത്തി.
2019 വരെ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽ പരമായ ആവശ്യത്തിന് വിദേശത്ത് പോയ ശേഷം അവിടെ നിന്ന് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി ആ സംഘടനകളിൽ എത്തിപ്പെട്ടവരാണ്. കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകൻ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലിം സമുദായത്തിൽ ജനിച്ചവരാണ്.
28 പേർ ഐഎസ് ആശയത്തിൽ ആകൃഷ്ടരായി കേരളത്തിൽ നിന്ന് പോയവരാണ്. ഇവരിൽ അഞ്ച് പേരാണ് മറ്റ് മതങ്ങളിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തത്. തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഹിന്ദുമതത്തിലെ യുവതി പാലക്കാട് സ്വദേശി നെക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്തു. ഇവർ വിവാഹത്തിന് ശേഷം ഇസ്ലാമിലേക്ക് പരിവർത്തനം നടത്തി ഐഎസിലേക്ക് പോവുകയായിരുന്നു.
സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. 2018 മുതൽ സ്പെഷൽ ബ്രാഞ്ച് ഡീറാഡിക്കലൈസേഷൻ പരിപാടി നടത്തുന്നുണ്ട്. തെറ്റായ നിലപാടിൽ നിന്ന് പിന്തിരിപ്പിച്ച് സാധാരണ മനോനിലയിലെത്തിക്കാൻ ഇടപെടുന്നുണ്ട്. തീവ്ര നിലപാടുള്ള യുവാക്കളെ ഡീറാഡിക്കലൈസേഷനിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്നു.
വിവിധ ജില്ലകളിലെ മഹല്ല് പുരോഹിതന്മാരെയും ഭാരവാഹികളെയും ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പരിപാടി നടത്തി. കുടുംബങ്ങളെയും ഇത്തരത്തിൽ സമീപിച്ചിട്ടുണ്ട്. ചിട്ടയായും ഫലപ്രാപ്തിയോടെയും നല്ല രീതിയിൽ തുടർന്ന പരിപാടികൾ 2020 മുതൽ നിർത്തിവെക്കേണ്ടി വന്നുകൊവിഡ് ശമിക്കുന്നതോടെ ഇത് പുനരാരംഭിക്കും.
നാർകോടിക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമം നടക്കുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. 2020 ൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് ആക്ട് പ്രകാരം 4941 കേസുകളാണ്. 5422 പേരാണ് പ്രതികൾ. അവരിൽ 2700 പേർ – 49.8 ശതമാനം – ഹിന്ദുമതത്തിൽ പെട്ടവരാണ്. 1869 പേർ ഇസ്ലാം മതത്തിൽ പെട്ടവരാണ്. 857 പേർ ക്രിസ്തുമതത്തിൽ പെട്ടവരാണ്.
അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം. നിർബന്ധിച്ച് മയക്കുമരുന്ന് നൽകിയതായോ അങ്ങിനെ മതപരിവർത്തനം നടത്തിയതായോ പരാതികളോ തെളിവുകളില്ല. സ്കൂൾ കോളേജ് തലത്തിൽ നാനാജാതി മതക്കാരുണ്ട്. അവരിലാരെങ്കിലും മയക്കുമരുന്ന് കണ്ണിയിൽ പെട്ടാൽ പ്രത്യേക മതത്തിന്റെ ആസൂത്രിത ശ്രമമാണെന്ന് പറയുന്നത് ബാലിശമാണ്.
വിദ്വേഷത്തിന്റെ വിത്തിടുന്നതാണ് അത്തരം പ്രസ്താവനകൾ. സമൂഹത്തിൽ ധ്രുവീകരണം ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്ന നിലപാട് എല്ലാ മതവിഭാഗങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. മതനിരപേക്ഷത ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത്. ഇനിയും അതുതന്നെ ചെയ്യും. തീവ്രനിലപാടുകാർക്ക് സ്ഥാനമില്ലാത്ത സമൂഹമാണ് നമ്മുടേത്. തെറ്റായ പ്രവണത നിയമപരമായി നേരിടും.