FeaturedKeralaNews

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയാത്തതെന്തുകൊണ്ട്? മരണക്കണക്കിൽ പിഴവുണ്ടോ? തുറന്നു പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറയാത്തതിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട രീതിയിൽത്തന്നെ കൊവിഡ് മരണങ്ങൾ കേരളം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, ഇതിൽ വലിയ തോതിലുള്ള അപാകതകളില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകളിങ്ങനെ:

രോഗവ്യാപനം കുറയാത്തതെന്ത്?

കൊവിഡ് രണ്ടാം ഘട്ടം മറ്റ് സംസ്ഥാനങ്ങളിൽ കെട്ടടങ്ങിയിട്ടും കേരളത്തിൽ അടങ്ങാത്തത് എന്തുകൊണ്ടെന്ന് പലർക്കും ആശങ്കയുണ്ട്. ഇതിൽ അദ്ഭുതപ്പെടേണ്ടതില്ല. അമിതമായി ഭയപ്പെടേണ്ട. കാര്യങ്ങൾ നിയന്ത്രണത്തിലാണ്.

മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാം ഘട്ടം ആരംഭിച്ചു. കേരളത്തിൽ മെയിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ടിപിആർ 29 ശതമാനം വരെ ഉയർന്നു. പ്രതിദിന രോഗികളുടെ എണ്ണം 40000ത്തിലേക്ക് ഉയർന്നു. ടിപിആർ കുറഞ്ഞ് പത്ത് ശതമാനത്തിനടുത്ത് മാറ്റമില്ലാതെ ദിവസങ്ങളായി നിൽക്കുന്നു.

രോഗികളുടെ എണ്ണത്തിലുണ്ടായ വർധനക്ക് അനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. രോഗികളുടെ എണ്ണം കൂടിയ അവസരത്തിലും കൊവിഡ് ആശുപത്രികളിലും ഐസിയുകളിലും രോഗികൾക്ക് ഉചിതമായി ചികിത്സ നൽകാനായി.

കൊവിഡ് ആശുപത്രി കിടക്കകളിൽ 70 ശതമാനത്തിലധികം ഉപയോഗിക്കേണ്ടി വന്നിട്ടില്ല. 90 ശതമാനത്തിലേറെ രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകി. മറ്റൊരു സംസ്ഥാനത്തിനും ഈ നേട്ടമില്ല.

കാസ്പിൽ ചേർന്ന 282 സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ നിയന്ത്രിച്ചു. സർക്കാർ-സ്വകാര്യ മേഖലകൾ സഹകരിച്ച് കൊവിഡിനെ നേരിടുന്നുണ്ട്.

രണ്ടാം തരംഗത്തിൽ രോഗസാധ്യതയുള്ളവർ സംസ്ഥാനത്ത് കൂടുതലായിരുന്നു. അതുകൊണ്ടാണ് രോഗികളുടെ എണ്ണം വർധിച്ചത്. ടെസ്റ്റിങ് ഗണ്യമായി വർധിപ്പിച്ചിരുന്നു. ഐസിഎംആറിന്റെ പഠനം പ്രകാരം ഇന്ത്യയിലെ പല നഗരത്തിലും 70-80 ശതമാനം പേർക്ക് രോഗം വന്നുപോയെന്നാണ്.

മരണം റിപ്പോർട്ട് ചെയ്യുന്നതിൽ പാകപ്പിഴയുണ്ടോ?

മരണങ്ങളുടെ റിപ്പോർട്ടിങ് അനായാസമായി ചെയ്യാനാവില്ല. മിക്ക സംസ്ഥാനത്തെക്കാളും മെച്ചപ്പെട്ട രീതിയിൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു. മധ്യപ്രദേശിൽ അധിക മരണം കണ്ടെത്താൻ മെയ് മാസം നടത്തിയ പഠനത്തിൽ 2019 ലേതിനേക്കാൾ 1.33 ലക്ഷം അധികം മരണം നടന്നു. എന്നാൽ 2461 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. അത്തരം പ്രശ്നം കേരളത്തിലില്ല. കൊവിഡിന്റെ ആദ്യ തരംഗ കാലത്ത് ഇന്ത്യയിലൊന്നാകെ 21 പേരിൽ രോഗം ഉണ്ടാകുമ്പോഴാണ് ഒരു കേസ് കണ്ടെത്തിയത്. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ 30 കേസുകളിൽ ഒന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കേരളത്തിൽ മൂന്ന് കേസുകളുണ്ടാവുമ്പോൾ ഒന്ന് റിപ്പോർട്ട് ചെയ്തു. ആ ജാഗ്രതയാണ് ഇപ്പോഴും തുടരുന്നത്.

ഡെൽറ്റ വൈറസ് വകഭേദമാണ് രണ്ടാം തരംഗത്തിൽ കേരളത്തിലെത്തിയത്. കൂടുതൽ ജനസാന്ദ്രതയുള്ളതിനാൽ ഡെൽറ്റ വൈറസ് വ്യാപിച്ചു. ഗ്രാമ-നഗരങ്ങൾ പരസ്പരം ബന്ധപ്പെട്ട് തുടർച്ചയായി നിലനിൽക്കുന്നതിനാൽ രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടർന്നുപിടിച്ചു. ഡെൽറ്റ വൈറസ് രോഗം വന്ന് ഭേദമായവരിലും വാക്സീനേഷൻ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ പരിമിതമായി മറികടക്കുന്നതിനാൽ രോഗം ഭേദമായവർക്ക് ഇൻഫെക്ഷൻ വരാനിടയായി.

പോസിറ്റീവാകുന്നവരിൽ പലരും ഈ വിഭാഗത്തിൽ പെടുന്നവരാണ്. ഇവർക്ക് ഗുരുതരമായ രോഗസാധ്യതയും മരണസാധ്യതയും ഇല്ലെന്നത് ആശ്വാസമാണ്.

എല്ലാവർക്കും രോഗം വന്ന് സാമൂഹിക പ്രതിരോധ ശേഷി ആർജ്ജിക്കുകയെന്നതല്ല, മറിച്ച് വാക്സീൻ ലഭിക്കുന്നത് വരെ രോഗം പരമാവധി പേർക്ക് വരാതെ നോക്കി മരണം കഴിയുന്നത്ര തടയുകയെന്ന നയമാണ് നാം പിന്തുടർന്നത്. രോഗത്തെ പടർന്നുപിടിക്കാൻ വിട്ടാൽ അത് ഉച്ഛസ്ഥായിയിലെത്തി വ്യാപനം പെട്ടെന്ന് കുറയും. അത്തരത്തിൽ കുറേയേറെ മരണം ഉണ്ടാകുന്നത് നോക്കാതെ രോഗവ്യാപനം പെട്ടെന്ന് കുറയാനല്ല സംസ്ഥാനം നോക്കിയത്. പരമാവധി ജീവൻ രക്ഷിക്കാനാണ്. ആളുകൾക്ക് വാക്സീനേഷൻ നൽകി സാമൂഹ്യ പ്രതിരോധത്തിനാണ് ശ്രമം – മുഖ്യമന്ത്രി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker