തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. സാധാരണക്കാരില്‍ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സഭയിലും സമാധാനം പുലര്‍ത്താന്‍ നിലകൊണ്ടു. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ഇന്ന് പുലര്‍ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു പരിശുദ്ധ ബാവയുടെ അന്ത്യം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യ നില മോശമായിരുന്ന ബാവയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. കോട്ടയം ദേവലോകം അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം നാളെ നടക്കും.