KeralaNews

‘അതുക്കുംമേലെ’; മാസ് ഡയലോഗുമായി പിണറായി

പൊന്നാനി: തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പഞ്ച് ഡയലോഗുകൾക്ക് പഞ്ഞമില്ല മുഖ്യമന്ത്രി പിണറായി വിജയൻ്റെ അതുക്കും മേലെ ‘ യാണ് സമൂഹമാധ്യമങ്ങളിൽ തരംഗം.സാമൂഹ്യ ക്ഷേമപെന്‍ഷന്‍ തുക ഇനിയും വര്‍ധിപ്പിക്കുമെന്നതായിരുന്നു വിഷയം ‘ മുഖ്യമന്ത്രിയുടെ വാക്കുകളിങ്ങനെ

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 18മാസത്തെ കുടിശികയാണ് പെന്‍ഷനില്‍ വരുത്തിയത്. ആ കുടിശിക ഒന്നിച്ച് കൊടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അവിടെക്കൊണ്ട് നിന്നില്ല. ഇപ്പോള്‍ 1600 രൂപയായി വര്‍ധിപ്പിച്ചു. ഇത് ഇവിടെയും നില്‍ക്കില്ല, ‘അതുക്കും മേലെ’യാകും. അതാണ് എല്‍ഡിഎഫ് തീരുമാനം-പൊന്നാനിയില്‍ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിയതില്‍ പ്രതിപക്ഷത്തിന് കടുത്ത നിരാശയുണ്ട് എല്‍ഡിഎഫിന്റെ ജനപിന്തുണ വലിയതോതില്‍ വര്‍ധിച്ചു. ഇതില്‍ അസൂയപൂണ്ട പ്രതിപക്ഷം വികസന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ വഴിവിട്ട രീതി നോക്കുകയാണ്.

ജനങ്ങള്‍ ഏറ്റവും പ്രയാസമനുഭവിച്ച ഘട്ടത്തില്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ചേര്‍ന്നുനിന്നുവെന്ന വികാരം ജനങ്ങള്‍ക്കുണ്ട്. അതിന്റെ സംതൃപ്തി എല്ലാവരിലുമുണ്ട്. പ്രളയബാധിതരെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണിത്. കോവിഡിന് മുന്നില്‍ വികസിത രാജ്യങ്ങള്‍പോലും പകച്ചുനിന്നപ്പോള്‍ കേരളം ഫലപ്രദമായി പ്രതിരോധിച്ചു. ലോകത്ത് കോവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ നാടാണ് കേരളം. ലോക രാഷ്ട്രങ്ങള്‍ അത്ഭുതത്തോടെയാണ് അതിനെ നോക്കിക്കാണുന്നത്. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന അവസ്ഥ മാറി. വ്യവസായ വളര്‍ച്ച കൈവരിച്ചു. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു. ആരോഗ്യ– വിദ്യാഭ്യാസ മേഖലകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നു. ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യം.

ഐടിയില്‍ കേരളം ബഹുദൂരം മുന്നേറി. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. യുഡിഎഫ് കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമായിരുന്നു. ഇപ്പോള്‍ 4000 കടന്നു. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അഴിമതി പൂര്‍ണമായും ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. പിഎസ്സി വഴി 1,60,500 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി. സര്‍വകാല റെക്കോഡാണിത്. എന്നാല്‍, പിഎസ്സിയെ താറടിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. കിഫ്ബിയിലൂടെ 63,000 കോടി രൂപയുടെ വികസനമാണ് സാധ്യമാക്കിയത്. ഇത്തരം നേട്ടങ്ങള്‍ യുഡിഎഫിനും ബിജെപിക്കും സഹിക്കാന്‍ കഴിയുന്നില്ല. ഏത് വിധേനയും അതിനെ തകര്‍ക്കണം എന്നാണ് അവര്‍ കരുതുന്നത്. അതിനായി എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുകയാണ്. കേരളത്തിലെ പ്രബുദ്ധ ജനത അത് തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button