കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായി കണ്ടെത്തി. ഇന്ന് അദ്ദേഹം ആശുപത്രി വിടും. വൈകിട്ട് 3 മണിക്ക് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
മുഖ്യമന്ത്രിയുടെ മകൾ ഇന്നലെ കൊവിഡ് നെഗറ്റീവായെങ്കിലും ആശുപത്രിയിൽ തുടരും. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് മുഖ്യമന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില ചികിത്സയിലുടനീളം തൃപ്തികരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഭാര്യക്ക് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. ലക്ഷണമില്ലാത്തത് കൊണ്ട് അവരും ഇന്ന് ആശുപത്രി വിടും. മുഖ്യമന്ത്രിയും കുടുംബവും വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാനും കൊവിഡ് നെഗറ്റീവായിട്ടുണ്ട്. ഇഷാൻ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിക്കൊപ്പം ആശുപത്രി വിടും.
മുഖ്യമന്ത്രിയുടെ മകൾ വീണയും മരുമകൻ മുഹമ്മദ് റിയാസും ഇന്നലെ കൊവിഡ് നെഗറ്റിവായിരുന്നു. എന്നാൽ റിയാസിന്‍റെ അച്ഛൻ പൊസിറ്റീവായി ഐസിയുവിൽ തുടരുന്നതിനാൽ വീണയും റിയാസും ഇന്ന് ആശുപത്രി വിടില്ല.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഔദ്യോഗിക വസതിയിൽ സ്വയം നിരീക്ഷണത്തിലേക്ക് മാറി. ട്വിറ്ററിലൂടെയാണ് യുപി മുഖ്യമന്ത്രി കൊവിഡ് ബാധിതനായ വിവരം പങ്കുവച്ചത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളിൽ ചിലർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഇതേതുടർന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഭരണചുമതലകൾ സാധാരണപോലെ നടക്കുമെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
പ്രാഥമിക ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ താൻ പരിശോധനയ്ക്ക് വിധേയനായി. പരിശോധനയിൽ പോസിറ്റീവ് ഫലമാണ് ലഭിച്ചത്. അതിനാൽ ഡോക്ടർമാരുടെ നിർദ്ദേശത്തിൽ നിരീക്ഷണത്തിലേക്ക് മാറി. ആരോഗ്യപ്രശ്നങ്ങളില്ലെന്നും യോഗി ട്വീറ്റ് ചെയ്തു.