തിരുവന്തപുരം: മുട്ടിൽ മരംമുറി കേസിൽ ആരോപണവിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി. ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താൽ, കുറ്റം ചെയ്ത ആർക്കെങ്കിലും സംരക്ഷണം കിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട ”
“ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. എൻ്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താൽ കുറ്റം ചെയ്തയാൾക്ക് അന്വേഷണത്തിൽ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കപ്പെടില്ല. ആരോപണവിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ല. അയാൾ ആ ദിവസം വീട്ടിൽ വന്നിരുന്നു എന്നത് ശരിയാണ്. ഒരു കൂട്ടര് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോട്ടോ വേണമെന്ന് അയാള് പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്തു എന്നുള്ളത് സത്യമാണ്”. മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അത് ആർക്കും അംഗീകരിക്കാൻ കഴിയാത്ത പ്രശ്നങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കോൺഗ്രസിലെ പ്രശ്നങ്ങൾ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും. കോൺഗ്രസിന് ഉള്ളിലുള്ളവർക്ക് മാത്രമല്ല, പുറത്തുള്ളവർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎമ്മിനൊപ്പം പ്രവർത്തിക്കാനുള്ള താത്പര്യം പരസ്യമായാണ് കെപിസിസി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്ത് അറിയിച്ചത്. പൊതുപ്രവർത്തകർക്ക് മനസ്സമാധാനം ആണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസിൽ നിന്നാൽ മനസ്സമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതിനാൽ മതനിരപേക്ഷതയുടെ ഭാഗമായി പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസ്സിലാക്കിയെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിന്റെ പ്രശ്നങ്ങൾ കോൺഗ്രസ് തന്നെ പരിഹരിക്കേണ്ടതാണ്. കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന കെ വി ഗോപിനാഥ് പറഞ്ഞത് കേട്ടതാണല്ലോ എന്ന് ചോദിച്ച മുഖ്യമന്ത്രി മറ്റ് കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഇല്ലെന്നും വ്യക്തമാക്കി.