KeralaNews

നിലവിലുള്ളത് അസാധാരണ സാഹചര്യം; ചെറിയ പിഴവുകള്‍ പോലും സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കുന്നതില്‍ സംഭവിക്കുന്ന ചെറിയ പിഴവ് പോലും സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. തദ്ദേശ സ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ സജീവമാക്കുന്നതിന് ജനപ്രതിനിധികളുമായി വിക്ടേഴ്സ് ചാനല്‍ വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണം. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. അവരെ തടങ്കലില്‍ താമസിപ്പിക്കുന്നു എന്ന തോന്നലുണ്ടാക്കരുത്. അതിനാലാണ് ക്വാറന്റൈന്‍ എന്ന വാക്കിന് പകരം കെയര്‍ ഹോം എന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ഭീതി നേരിടാന്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കഴിയും. വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. എടിഎമ്മുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സമൂഹവ്യാപനം തടയാന്‍ കരുതലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസുകള്‍ പൊതുസ്ഥലങ്ങള്‍, ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് എന്നിവിടങ്ങള്‍ നല്ല രീതിയില്‍ ശുചീകരണം ഉറപ്പുവരുത്തണം. ആറ്റുകാല്‍ പൊങ്കാലയില്‍ എല്ലാം പ്രവര്‍ത്തിച്ചപോലെ മറ്റിടങ്ങളിലും പ്രവര്‍ത്തനങ്ങള്‍ വേണം. വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെക്കപ്പെട്ടു. ഇത്തരത്തിലുള്ള ജാഗ്രത തുടരണം.

മരുന്നുകള്‍, പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഇവയിലൊക്കെ തദ്ദേശസ്ഥാപനങ്ങളുടെയും ശ്രദ്ധവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശവാസികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍ ഇവരെല്ലാം പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. വിദേശ ടൂറിസ്റ്റുകളോട് അപമര്യാദയായി പെരുമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button