നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാര്‍, തെറ്റു ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമത്തിനും നീതിക്കും മുന്നില്‍ എല്ലാവരും സമന്മാരാണെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ സ്ഥാനമോ ഇരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയോ പോലീസ് കൃത്യ നിര്‍വഹണത്തിന് തടസമാകില്ല. ഏത് ഉന്നതനായാലും പ്രത്യേക പരിഗണനയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്കപ്പ് മര്‍ദനം മൂന്നാം മുറ എന്നിവ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. ഏതെങ്കിലും തരത്തില്‍ വൈരാഗ്യം തീര്‍ക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കാം എന്ന് കരുതുന്നവര്‍ക്ക് സേനയില്‍ സ്ഥാനമുണ്ടാകില്ല. വിവിധ തലങ്ങളില്‍ അന്വേഷണവും നടപടിയും സമീപ കാല സംഭവങ്ങളില്‍ നടക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാല്‍ സംരക്ഷണത്തിന് അര്‍ഹത ഉണ്ടാകില്ല. ലോക്കപ്പിലും മറ്റും മനുഷ്യത്വരഹിതമായി ഇടപെടാന്‍ അനുവദിക്കില്ല. പൊലീസില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.