തിരുവനന്തപുരം: വയോധികര്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാറിന്റെ അഞ്ചിന സേവനങ്ങള്‍. പുതുവത്സര ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്ത് പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതാണ് സംസ്ഥാനത്തെ വയോജനങ്ങള്‍ക്കുളള സേവനം. ആദ്യഘട്ടത്തില്‍ 5 സേവനങ്ങള്‍ ഈ മാസം പത്തിന് മുന്‍പ് വിജ്ഞാപനം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഫേസ്ബുക്ക് കുറിപ്പ്
കേരള സമൂഹത്തിലെ വയോധികരുടെ എണ്ണം കൂടിവരികയാണ്. ഇത് നമ്മുടെ ജനസംഖ്യാ ഘടനയുടെ സ്വാഭാവിക പരിണാമമാണ്. പലരുടെയും മക്കളും ബന്ധുക്കളും അടുത്തില്ല. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാനോ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനോ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഈ ജനുവരി പത്തിനു മുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തും.
മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫിലെ സഹായം, അത്യാവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന സേവനങ്ങള്‍. ക്രമേണ ഇവര്‍ക്കുവേണ്ട എല്ലാ സേവനങ്ങളും വീട്ടില്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഓണ്‍ലൈനായി സേവനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീടുകളില്‍ പോയി പരാതി സ്വീകരിച്ച് അധികാരികള്‍ക്ക് എത്തിച്ച് തുടര്‍നടപടികളുടെ വിവരം വിളിച്ച് അറിയിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. ഇതിന് സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിനിയോഗിക്കും.
65 വയസ്സിനു മുകളിലുള്ള ആളുകള്‍ താമസമുള്ളതും (പ്രത്യേകിച്ച് മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്നവര്‍) ഭിന്നശേഷിക്കാര്‍ (കാഴ്ചശക്തി, കേള്‍വി, ചലനശേഷി എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍) ഉള്ളതും ആയ വീടുകളുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആ പ്രദേശത്തെ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കും. ഭവന സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങളുടെ ആവശ്യം ഉണ്ടോയെന്ന് അന്വേഷിച്ച് മേല്‍പ്പറഞ്ഞ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും. ഈ പരിപാടി ജനുവരി 15ന് ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ കളക്ടര്‍മാരും ഈ പരിപാടി ഏകോപിപ്പിക്കും.
പ്രാദേശികതലത്തില്‍ ആളുകള്‍ക്ക് പ്രഭാത-സായാഹ്ന സവാരി നടത്തുവാനും കുട്ടികള്‍ക്ക് കളിക്കുവാനും പൊതുഇടങ്ങള്‍ അനിവാര്യമാണ്. എല്ലാ വില്ലേജുകളിലും ഇത്തരം പൊതുഇടം ഉണ്ടാക്കുക ഒരു ലക്ഷ്യമായി പ്രഖ്യാപിക്കുകയാണ്. പരിപാടിയുടെ ആദ്യഘട്ടമായി ഇത്തരം പൊതുഇടങ്ങള്‍ ലഭ്യമല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഫെബ്രുവരി മാസം അവസാനത്തിന് മുമ്പ് പൊതുഇടം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.