തിരുവനന്തപുരം:കേരള പോലീസിനായി തയ്യാറാക്കിയ സിഗ്നേച്ചര്‍ ഫിലിമിന്‍റെയും ഔദ്യോഗിക പോലീസ് ഗാനത്തിന്‍റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പത്നി കമല വിജയനും ചേര്‍ന്ന് പെരുമ്പറകൊട്ടി നിര്‍വഹിച്ചു. വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, എ.ഡി.ജി.പി മാരായ ടോമിന്‍.ജെ.തച്ചങ്കരി, സുദേഷ് കുമാര്‍, ഡോ.ബി സന്ധ്യ, ഷേക്ക് ദര്‍വേഷ് സാഹേബ്, മനോജ് എബ്രഹാം ഐ.ജി മാരായ എം.ആര്‍.അജിത് കുമാര്‍, എസ്.ശ്രീജിത്ത്, ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ഡി.ഐ.ജി മാരായ സഞ്ജയ് കുമാര്‍ ഗുരുഡിന്‍, കാളിരാജ് മഹേഷ് കുമാര്‍, എസ്.ശ്യംസുന്ദര്‍, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍ എന്നിവരും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പോലീസ് സേനയുടെ ധാര്‍മ്മികതയും അന്തസത്തയും പൂര്‍ണമായും ഉള്‍ക്കൊണ്ട് ഒരോ പോലീസ് സേനാംഗത്തിലും ആത്മാഭിമാനം വളര്‍ത്തുന്ന രീതിയിലാണ് കേരള പോലീസിന്‍റെ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സിഗ്നേച്ചര്‍ ചലച്ചിത്രത്തില്‍ സേനയുടെ തനതായ സ്വഭാവവും സേവനപരതയും ചിത്രീകരിച്ചിരിക്കുന്നു.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറയും എസ്.രമേശന്‍ നായരും ചേർന്ന് രചന നിർവ്വഹിച്ചിരിക്കുന്ന പോലീസ് ഗാനത്തിന്‍റെ ആലാപനം മനു രമേഷ് നിര്‍വഹിച്ചു. ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദീപു കരുണാകരനാണ്. പോലീസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളിലും ഇനിമുതല്‍ പോലീസ് ചലച്ചിത്രവും ഗാനവും ഉപയോഗിക്കും. കേരള പോലീസിന്‍റെയും സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെയും ഔദ്യോഗിക യുട്യൂബ് ചാനലുകളിലും ഫെയ്സ് ബുക്ക് പേജുകളിലും പോലീസ് ഗാനവും ചലച്ചിത്രവും ഇന്ന് ഔദ്യോഗികമായി റിലീസ് ചെയ്തു.