മുഖ്യമന്ത്രി പിണറായി വിജയനെ ‘കടുകുമണിയില്‍’ ആലേഖനം ചെയ്ത് തമിഴ് ചിത്രകാരന്‍
തിരുവനന്തപുരം: കടുകുമണിയില്‍ ആലേഖനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം തമിഴ് ചിത്രകാരന്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. സേലം സ്വദേശി ജെ വെങ്കിടേഷാണ് വരയിലൂടെ മുഖ്യമന്ത്രിയെ വെളുത്ത കടുകുമണിയിലാക്കി കുടുംബസമേതം തലസ്ഥാനത്തെത്തി തന്റെ രചന മുഖ്യമന്ത്രിക്ക് കൈമാറിയത്.
സ്വന്തം മുഖം ലെന്‍സിലൂടെ കടുകുമണിയില്‍ കണ്ടപ്പോള്‍ മുഖ്യമന്ത്രിക്കും കൗതുകമായി. നിറഞ്ഞ മനസോടെ അദ്ദേഹം വെങ്കിടേഷിന് നന്ദി പറഞ്ഞു. ചിത്രകാരന്റെ രചനാവഴികളെപ്പറ്റിയും വിശദമായി ചോദിച്ചറിഞ്ഞു. പിണറായിയുടെ അഭിനന്ദനം ജെ വെങ്കിടേഷിനും ആവേശമായി.
ഭാര്യ സതീദേവിക്കും മകള്‍ ഹര്‍ഷിതക്കുമൊപ്പം മുഖ്യമന്ത്രിയുടെ കാല്‍തൊട്ടുവന്ദിച്ചാണ് ജെ വെങ്കിടേഷ് മടങ്ങിയത്. കര്‍ഷക കുടുംബാംഗമായ അദ്ദേഹം ചെന്നൈ ഫൈന്‍ ആര്‍ട്ട്‌സില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇതിനോടകം 42 നേതാക്കന്മാരുടെ ചിത്രങ്ങള്‍ കടുകുമണിക്കുള്ളിലാക്കി. അരമണിക്കൂറിലാണ് പെന്‍സില്‍ കൊണ്ടുള്ള ഈ അപൂര്‍വ്വ ചിത്രരചന. 0.048 ഡയാമീറ്റര്‍ വലിപ്പമാണ് ഓരോ ചിത്രങ്ങളുടേയും ശരാശരി അളവ്. വേള്‍ഡ് വണ്ടര്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ജെ വെങ്കിടേഷ് ഇടം നേടിയിട്ടുണ്ട്.