മൂന്നാര്‍: രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും ഇനി കണ്ടെത്താനുള്ളത് 22 പേരെ. ഇതില്‍ പത്തു കുട്ടികളും ഉള്‍പ്പെടുന്നു. പ്രദേശത്ത് അഞ്ചാം ദിവസമായ ഇന്നും തിരച്ചില്‍ തുടരുന്നു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തിന് സമീപത്തെ പുഴ കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചില്‍ നടത്തുക.
ഇന്നലെ നടത്തിയ തിരച്ചിലില്‍ ആറു മൃതദേഹങ്ങള്‍ പുഴയില്‍ നിന്നാണ് ലഭിച്ചത്. ഇതോടെ കൂടുതല്‍ ആളുകള്‍ ഒഴുക്കില്‍ പെട്ടിരിക്കാമെന്നാണ് അനുമാനം. പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 22 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുവരെ 49 മൃതദേഹങ്ങള്‍ ലഭിച്ചു. അഞ്ഞൂറോളം പേരാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്.
അപകടത്തില്‍പ്പെട്ട എല്ലാവരെയും കണ്ടെത്താതെ തിരച്ചില്‍ അവസാനിപ്പിക്കില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പെട്ടിമുടി മേഖലയില്‍ കൊവിഡ് വ്യാപനത്തിന് സാധ്യത ഉള്ളതിനാല്‍ ആളുകള്‍ അനാവശ്യമായി ദുരന്ത ഭൂമി സന്ദര്‍ശിക്കരുതെന്നു മന്ത്രി എം.എം. മണി ആവശ്യപ്പെട്ടു.