ജയ്പുര്‍: പെട്രോള്‍ വില ലിറ്ററിന് 15 രൂപയായി കുറയ്ക്കാന്‍ സാധിക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവെച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ ആരംഭിച്ചാല്‍ പെട്രോള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കര്‍ഷകര്‍ അന്നദാതാക്കള്‍ മാത്രമല്ല, ഊര്‍ജ്ജ ദാതാക്കള്‍ കൂടിയായിത്തീരുക എന്നതാണ് നമ്മുടെ സര്‍ക്കാരിന്റെ കാഴ്ചപ്പാട്. എല്ലാ വാഹനങ്ങളും കര്‍ഷകര്‍ ഉണ്ടാക്കുന്ന എഥനോളില്‍ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ലക്ഷ്യം. വാഹനങ്ങളില്‍ 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിച്ചാല്‍ പെട്രോള്‍ ലിറ്ററിന് 15 രൂപയ്ക്ക് ലഭ്യമാകും. ജനങ്ങള്‍ക്ക് അതിന്റെ നേട്ടം ലഭിക്കും’, നിതിന്‍ ഗഡ്കരി പറഞ്ഞു.
എഥനോളിന്റേയും വൈദ്യുതിയുടേയും ഉപയോഗം മലിനീകരണം കുറയ്ക്കും. എണ്ണ ഇറക്കുമതിയില്‍ കുറവുവരുത്താനും സാധിക്കും. ഇറക്കുമതിക്കായി ചെലവാക്കുന്ന 16 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിലേക്ക് വകമാറ്റാനും ഇത് സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതാപ്ഗഡില്‍ അദ്ദേഹം 11 ദേശീയപാത പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കലിടുകയും ചെയ്തു. ആകെ 5,600 കോടി രൂപയുടെ പദ്ധികള്‍ക്കാണ് ആരംഭം കുറിച്ചത്. 219 കിലോമീറ്റര്‍ ദൂരത്തില്‍ 3,775 കോടി രൂപ ചെലവുവരുന്ന നാല് ദേശീയപാതാ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. രാജസ്ഥാനില്‍ 2,250 കോടി രൂപയുടെ 74 പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചു.