പെട്രോള്‍ വില 100 കടന്നു,കേരളത്തില്‍ ഇന്ന് കൂടിയത് 25 പൈസ
തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർധന തുടരുന്നു. പെട്രോൾ വില ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്ന് കൂടി.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 94 രൂപ കടന്നു. കോട്ടയത്ത് പെട്രോളിന് 92.66 രൂപയും ഡീസലിന് 87.58 രൂപയുമാണ് വില. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോൾ വില 100 കടന്നു.
മേയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധന വില കൂടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഒരുമാസത്തോളം വില കൂടിയിരുന്നില്ല.
ആറു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നതു താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഇതിനിടെ രാജ്യാന്തരവില കുറഞ്ഞതിനാൽ ഏപ്രിൽ 15ന് വില കുറയ്ക്കുകയും ചെയ്തു. പിന്നെ രാജ്യാന്തര വില കൂടിയെങ്കിലും ഇന്ത്യയിൽ വില കൂട്ടിയില്ല. തിരഞ്ഞെടുപ്പു ഫലം രണ്ടിനു പ്രഖ്യാപിച്ച ശേഷം 4 മുതലാണു തുടർച്ചയായി വില വർധിപ്പിക്കാൻ തുടങ്ങിയത്.
രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെയും ഡോളർ–രൂപ വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തിലാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ ബാരലിന് 68.47 ഡോളറാണു നിലവിലെ വില. ഇതു വീണ്ടും ഉയരാനാണു സാധ്യതയെന്നാണു വിലയിരുത്തൽ.