ഡൽഹി:ഇന്ധന വിലയിൽ നാളെയും വർധനവുണ്ടാകും. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തുടർച്ചയായി ഇന്ത്യൻ വിപണിയിൽ ഇന്ധനത്തിന് വില കൂടുന്നത്. ഒക്ടോബർ ഏഴിന് ഒരു ലിറ്റർ ഡീസലിന് 36 പൈസയും ഒരു ലിറ്റർ പെട്രോളിന് 30 പൈസയും വർദ്ധിക്കുമെന്നാണ് പെട്രോളിയം കമ്പനികൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
നാളെ കേരളത്തിലെ ഓരോ ജില്ലകളിലെയും വില എങ്ങിനെയായിരിക്കുമെന്ന വിശദമായ കണക്ക് ലഭ്യമായിട്ടില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്ന നിലയാണ്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 83.47 ഡോളറായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.
ഇന്ധന വിലയും പാചക വാതക വിലയും ഉയരുന്നത് പൊതു വിപണിയില്‍ വിലക്കയറ്റത്തിനും കാരണമാകും. പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയരാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർധന, ഇന്ധനത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ഇന്ത്യൻ കറൻസിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. രൂപയുടെ മൂല്യം ദുർബലപ്പെട്ടു. ഡോളറിനെതിരെ 74.88 എന്ന നിലയിലാണ് ഇപ്പോൾ രൂപയുടെ വിനിമയ മൂല്യം. റിസർവ് ബാങ്കിന്റെ പണ നയം എങ്ങിനെയായിരിക്കുമെന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്. രൂപയെ സഹായിക്കാൻ കേന്ദ്രബാങ്കെത്തുന്നതും കാത്തിരിക്കുകയാണ് ട്രേഡിങ് രംഗവും.