ന്യൂഡൽഹി:പെട്രോൾ ഉടൻ ജിഎസ്ടിയിൽ ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. സമീപ ഭാവിയിൽ പെട്രോൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുമെന്നും ഇതിനുള്ള സമയക്രമം തീരുമാനിക്കാനാണ് ശ്രമമെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.
45-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരാനിരിക്കെയാണ് കേന്ദ്രം നയം വ്യക്തമാക്കുന്നത്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് ഇന്നത്തെ യോഗത്തിൽ ചർച്ചയ്ക്ക് വരും. എത്രകാലം ഇത് ഉൾപ്പെടുത്തുന്നത് നീട്ടിക്കൊണ്ട് പോകാനാകുമെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം. പെട്രോളും ഡീസലും എപ്പോൾ ജിഎസ്ടി പരിധിക്ക് കീഴിലാക്കാൻ പറ്റുമെന്ന കാര്യത്തിൽ ഒരു സമയപരിധിയെങ്കിലും തീരുമാനിക്കാനാകും കേന്ദ്ര ശ്രമം. ജിഎസ്ടി സംവിധാനത്തില്‍ വരുത്തുന്ന മാറ്റത്തിന് പാനലിലുളള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം.
കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗമായിട്ടുള്ളത്. വരുമാനത്തിന്‍റെ നട്ടെല്ലായ ഇന്ധന വരുമാനം ഇല്ലാതാകുന്നതിനെ പല സംസ്ഥാനങ്ങളും ശക്തമായി എതിർക്കുകയാണ്.
കേരളം എതിർപ്പ് ഉന്നയിച്ച വെളിച്ചണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നതും യോഗം ഇന്ന് പരിഗണിക്കും. ഓൺലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ചുമത്തണമെന്ന ആവശ്യവും കൗൺസിലിന് മുന്നിലുണ്ട്.
യോഗം ചേരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തിലാണെന്നും വലിയ പ്രഖ്യാപനങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. കൊവിഡ് ചികിത്സക്കുള്ള മരുന്നുകളുടെ ഇളവ് നീട്ടുന്നതും സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 2022 ന് ശേഷവും തുടരുന്നതും യോഗത്തില്‍ ചർച്ചയാകും.
പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ സംസ്ഥാനങ്ങളെ യോജിപ്പിച്ച് നീങ്ങാൻ കേരളം നീക്കങ്ങളാരംഭിച്ചിരുന്നു. ബി.ജെ.പി ഇതര സംസ്ഥാനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചർച്ച തുടങ്ങി. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ കേരളത്തിൻ്റെ വരുമാനത്തിൽ 8000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
കേരളത്തിൽ ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത സ്ഥിതി വരുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ഇന്ധന വില കുറയാൻ കേന്ദ്ര സർക്കാർ ചുമത്തിയ അധിക സെസ് പിൻവലിച്ചാൽ മതിയെന്നാണ് കേരളത്തിൻ്റെ നിലപാട്. എങ്കിൽ പെട്രോൾ 70 രൂപയ്ക്കും ഡീസൽ 65 രൂപയ്ക്കും കൊടുക്കാൻ പറ്റും. ഇതു ചെയ്യാതെ സംസ്ഥാനങ്ങളുടെ വരുമാനം കവരാൻ വന്നാൽ കേരളം ശക്തമായി എതിർക്കുമെന്ന് കെ.എൻ.ബാലഗോപാൽ പറഞ്ഞു. സമാന ചിന്താഗതിക്കാരായ സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് കേരളം ചെറുത്തു നിൽക്കും
ഇന്ധന നികുതി ജി.എസ്.ടിയിലേക്ക് പോയാൽ സംസ്ഥാനത്തിൻ്റെ വരുമാനം പകുതിയായി കുറയുമെന്നും പ്രത്യാഘാതം ഭീകരമായിരിക്കുമെന്നും ധനമന്ത്രി മുന്നറിയിപ്പ് നൽകുന്നു. തമിഴ്നാട്, തെലങ്കാന, രാജസ്ഥാൻ,ബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങൾ ഒപ്പം നിൽക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.