പെരുമ്പടപ്പ് അപകടം ആസൂത്രിതം? പിന്നില്‍ അവയവ മാഫിയ,യുവാക്കളുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം
മലപ്പുറം: മൂന്നുവര്‍ഷം മുമ്പ് രണ്ടു യുവാക്കള്‍ ബൈക്കപകടത്തില്‍ മരണപ്പെട്ട സംഭവത്തിനു പിന്നില്‍ അവയവ മാഫിയയാണെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. 2016 നവംബറില്‍ പെരുമ്പടപ്പിലുണ്ടായ ബൈക്കപകടത്തില്‍ അവിയൂര്‍ സ്വദേശി നജീബുദ്ദീന്‍(16), സുഹൃത്ത് വന്നേരി സ്വദേശി വാഹിദ്(16) എന്നിവരാണ് ബൈക്കപകടത്തില്‍ മരിച്ചത്. മരണത്തില്‍ സംശയമുണ്ടെന്നും അവയവ മാഫിയയാണു പിന്നിലെന്നു സംശയിക്കുന്നതായും കാണിച്ച് നജീബുദ്ദീന്റെ പിതാവ് മൂത്തേടത്ത് ഉസ്മാന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ഉസ്മാന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. അപകടം നടന്ന സ്ഥലത്തെത്തിയ അന്വേഷണ സംഘം അപകടം നടന്ന രീതിയും സാധ്യതകളും വിലയിരുത്തി. പരാതിക്കാരനില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണഭാഗമായി മലപ്പുറത്തേക്കെത്താന്‍ ബന്ധുക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2016 നവംബര്‍ 20ന് രാത്രി പെരുമ്പടപ്പ് പോലിസ് സ്‌റ്റേഷന് സമീപമാണ് ബൈക്കപകടമുണ്ടായത്. അപകടശേഷം ഇരുവരെയും വ്യത്യസ്ത വാഹനങ്ങളിലാണ് ആശുപത്രിയിലെത്തിച്ചത്. വാഹിദ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും നജീബുദ്ദീന്‍ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ മൂന്നാംദിവസവും മരിച്ചു. തലയ്‌ക്കേറ്റ ആഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇന്‍ക്വസ്റ്റ് റിപോര്‍ട്ടിലെ പൊരുത്തക്കേടുകളുണ്ടെന്നു കണ്ടെത്തുകയായിരുന്നു. നജീബുദ്ദീന്റെ ദേഹത്ത് ശസ്ത്രക്രിയ നടത്തിയ പാടുകളും ഇരുകൈകളിലും കഴുത്തിലും കണ്ടെത്തിയ കറുത്ത അടയാളങ്ങളും മരണശേഷം കണ്ടതാണ് പിതാവ് ഉസ്മാന്റെ സംശയത്തിനു കാരണം. അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ശസ്ത്രക്രിയ വേണ്ടെന്നുമായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പിന്നെ എങ്ങനെയാണ് ശസ്ത്രക്രിയ നടത്തിയ പാടുകള്‍ ഉണ്ടായതെന്നാണ് ഉസ്മാന്‍ ചോദിക്കുന്നത്. മാത്രമല്ല, അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചവരെക്കുറിച്ചും വിവരമില്ല. അപകടമുണ്ടായപ്പോള്‍ നിലവിളിയോ മറ്റ് ഉണ്ടായില്ലെന്ന പരിസരവാസികളുടെ വാദവും മനപൂര്‍വമുണ്ടാക്കിയ അപകടമാണെന്ന സംശയം ബലപ്പെടുത്തുന്നതായി ഉസ്മാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ‘ജോസഫ്’ സിനിമാ മാതൃകയില്‍ അവയവമാഫിയ നടത്തിയ അപകടമാണിതെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നുമാണ് പരാതിയില്‍ പറയുന്നത്.