ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികളില്‍ കോവാക്‌സിന്‍ രണ്ടും മൂന്നുംഘട്ട പരീക്ഷണത്തിന് അനുമതി. രണ്ടു മുതല്‍ 18 വയസു വരെയുള്ളവരില്‍ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് (ഡിസിജിഐ) അനുമതി നല്‍കിയത്.
കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് 525 കുട്ടികളില്‍ പരീക്ഷണം നടത്തും. സബ്ജക്ട് എക്‌സ്പര്‍ട്ട് കമ്മിറ്റി കഴിഞ്ഞ ദിവസം പരീക്ഷണാനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ കൊവിഡ് പ്രതിരോധ വാക്‌സിനാണ് കോവാക്‌സിന്‍.
കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലകളില്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ ലോക്ഡൗണ്‍ തുടരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. രോഗസ്ഥിരീകരണ നിരക്ക് പത്തു ശതമാനത്തിനു മുകളിലുള്ള ജില്ലകള്‍ വരുംദിവസങ്ങളിലും അടഞ്ഞുതന്നെ കിടക്കണമെന്നാണ് ഐസിഎംആര്‍ നിര്‍ദേശിച്ചത്. കോവിഡ് വ്യാപനം തടയാന്‍ ഇതാവശ്യമാണെന്നാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്.
ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറയുന്നുണ്ട്. ഒരു ഘട്ടത്തില്‍ 35 ശതമാനം വരെ എത്തിയിരുന്നു. ഇത് 17 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ ഉടന്‍തന്നെ ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ അത് ദുരന്തമായി മാറും.
രാജ്യത്തെ ജില്ലകളില്‍ നാലില്‍ മൂന്നിലും ടെസ്റ്റ് പോസിറ്റിവിറ്റി പത്തുശതമാനത്തിന് മുകളിലാണ്. ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു ഉള്‍പ്പെടെ വലിയ നഗരങ്ങളും അതിതീവ്ര വ്യാപനം നേരിടുന്ന പ്രദേശങ്ങളാണ്. പത്തു ശതമാനത്തില്‍നിന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനമായി താഴ്ന്നാലും അടുത്ത എട്ടാഴ്ച നിയന്ത്രണങ്ങള്‍ തുടരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.