EntertainmentNationalNews

സ്വിമ്മിങ് പൂളിൽ മൂത്രമൊഴിച്ചു; അല്ലു അർജുനെതിരേ പരാതിയുമായി കോൺഗ്രസ് നേതാവ്

ഹൈദരാബാദ്‌:സിനിമയില്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിച്ചതിന് അല്ലു അര്‍ജുനെതിരേ പരാതിയുമായി തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് തീന്‍മര്‍ മല്ലണ്ണ. പുഷ്പ 2 ല്‍ അല്ലു അര്‍ജുന്റെ കഥാപാത്രം സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന രംഗമുണ്ട്. ഇതാണ് നേതാവിനെ ചൊടിപ്പിച്ചത്. മര്യാദയില്ലാത്ത രംഗമാണിത്. നിയമപാലകരുടെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള രംഗം. ഇത് എങ്ങനെ അംഗീകരിക്കാനാകും എന്നാണ് കോണ്‍ഗ്രസ് നേതാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

അല്ലു അര്‍ജുന് പുറമേ ചിത്രത്തിന്റെ സംവിധായകന്‍ സുകുമാറിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.അതേ സമയം പുഷ്പ -2 ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ പതിനൊന്ന് മണിയോടെ ഹൈദരാബാദിലെ ചിക്കഡ്പള്ളി പോലീസ് സ്റ്റേഷനിലാണ് താരം ചോദ്യം ചെയ്യലിനെത്തിയത്. ചോദ്യങ്ങള്‍ക്കൊന്നും അല്ലു അര്‍ജുന്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

ഇതിനിടെ, മരിച്ച സ്ത്രീയുടെ കുടുംബത്തിന് പുഷ്പ 2വിന്റെ നിര്‍മാതാവ് നവീന്‍ യെര്‍നേനിയും രവി ശങ്കറും ചേര്‍ന്ന് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തെലങ്കാന മന്ത്രി വെങ്കട് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ചെക്ക് സ്വീകരിച്ചു. അല്ലു അര്‍ജുന്‍ നേരത്തേ 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു.

അല്ലു അര്‍ജുനെതിരേ കേസെടുത്തത് സംബന്ധിച്ച് രാഷ്ട്രീയകക്ഷികള്‍ ഭിന്നതയിലാണ്. നടനെ വ്യക്തിപരമായി വേട്ടയാടുന്നതിനിടെ മറ്റു പലവിഷയങ്ങളും രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ കണ്ടില്ലെന്ന് വെക്കുന്നുവെന്ന് ബിആര്‍എസ് എം.എല്‍.എ. ഹരീഷ് റാവു കുറ്റപ്പെടുത്തി. കര്‍ഷകരുടെ, ന്യൂനപക്ഷക്കാരുടെ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒരുപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴായിരുന്നു തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച പണം പോലും നഷ്ടപ്പെടുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്ലു അര്‍ജുനെതിരേയുള്ളത് ചെറിയ കേസാണെന്ന് ബിജെപി നേതാവ് രഘുനന്ദന്‍ റാവു പറഞ്ഞു. സംസ്ഥാനത്തെ മറ്റു ചെറുകേസുകളെപ്പോലെത്തന്നെ ഉള്ള ഒരു ചെറിയ കേസാണ് അല്ലു അര്‍ജുന്റേതും. തിക്കിത്തിരക്കില്‍ പോലീസിന്റെയും നടന്റെയും റോള്‍ എന്താണെന്നും അദ്ദേഹം ചോദിച്ചു.

ഡിസംബര്‍ നാലിനായിരുന്നു സംഭവം. പുഷ്പ -2 റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തീയേറ്ററില്‍ അല്ലു അര്‍ജുന്‍ സന്ദര്‍ശിച്ചിരുന്നു. താരം തീയേറ്ററില്‍ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും അവരുടെ എട്ടുവയസുള്ള കുട്ടിക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തോട് പൂര്‍ണ്ണമായും സഹകരിക്കാമെന്നതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് താരത്തെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അല്ലു അര്‍ജുന്റെ തീയേറ്റര്‍ സന്ദര്‍ശനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker