പത്തനംതിട്ട : പത്തനംതിട്ടയിലെ കൂട്ട പീഡനക്കേസിൽ പ്രതിഷേധവുമായി മാതാപിതാക്കൾ. 64 പേർ പീഡിപ്പിച്ചതായുള്ള പെൺകുട്ടിയുടെ പരാതിയിൽ പോലീസ് ഇന്ന് അറസ്റ്റ് ചെയ്ത പ്രതികളുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്. എന്നാൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഓരോ പ്രതികളെയും കസ്റ്റഡിയിൽ എടുത്തിട്ടുള്ളത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പെൺകുട്ടിയുടെ പിതാവിന്റെ ഫോണിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പോലീസ് ഓരോ പ്രതികളെയും പിടികൂടിയിരിക്കുന്നത്. കുട്ടിയുടെ പിതാവിന്റെ ഫോണിലെ വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ പെൺകുട്ടിയുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ച ശേഷം പീഡിപ്പിച്ചവരാണ് പ്രതികൾ.
പത്തനംതിട്ടയിൽ പെൺകുട്ടി കൂട്ടപീഡനത്തിനിരയായ സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ 25 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. ഇതുവരെയായി 14 എഫ്ഐആറുകൾ ആണ് കേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.