FeaturedNationalNews

‘നിരുപാധികം മാപ്പ്’; ഖേദം പ്രകടിപ്പിച്ച് വീണ്ടും പരസ്യം നല്‍കി പതഞ്ജലി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ അതൃപ്തിക്കുപിന്നാലെ മാപ്പുപറഞ്ഞ് വീണ്ടും പത്രപരസ്യം നൽകി പതഞ്ജലി ആയുർവേദ. ആദ്യംനൽകിയ പരസ്യം പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കിയതിനേത്തുടർന്നാണ് വീണ്ടും പരസ്യംനൽകാൻ പതഞ്ജലി നിർബന്ധിതമായത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ പതഞ്ജലി കഴിഞ്ഞ ദിവസം മാപ്പുപറഞ്ഞുകൊണ്ട് പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. എന്നാൽ, ഈ പരസ്യം വളരെ ചെറുതാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളോടെ പതജ്ഞലി നൽകിയിരുന്ന പരസ്യത്തിന്റെ അത്രയും വലിപ്പത്തിലായിരിക്കണം മാപ്പുപറഞ്ഞുകൊണ്ടുള്ള പരസ്യമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പപേക്ഷിച്ചുകൊണ്ടുള്ള പുതിയ പരസ്യം ബുധനാഴ്ചത്തെ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

നിരുപാധികം പരസ്യമായി മാപ്പ് പറയുന്നു. തെറ്റിദ്ധരിപ്പിക്കുംവിധത്തിൽ പരസ്യം നൽകിയതിൽ മാപ്പുചോദിക്കുന്നു. ഇത്തരത്തിലുള്ള തെറ്റായപ്രവണത ഇനി ഒരിക്കലും ആവർത്തിക്കില്ല- എന്നാണ് പരസ്യത്തിൽ പറയുന്നത്.

കോടതിയലക്ഷ്യ കേസില്‍ മാപ്പുപറഞ്ഞ് പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ പതഞ്ജലിക്ക് സുപ്രീം കോടതി നേരത്തെ നിർദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലത്തെ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നതായി പതഞ്ജലിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. എന്നാല്‍, ഈ പരസ്യം സുപ്രീം കോടതിയില്‍ ചൊവ്വാഴ്ച ഫയല്‍ ചെയ്തതതിനാല്‍ തങ്ങളുടെ മുമ്പാകെ എത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇതിനിടയിലാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യത്തിന്റെ വലുപ്പം കോടതി ആരാഞ്ഞത്‌. ആദ്യം നല്‍കിയ പരസ്യത്തിന്റെ അത്രയും വലുപ്പത്തില്‍ മാപ്പുപറഞ്ഞുകൊണ്ടുള്ള പരസ്യം നല്‍കുന്നതിന് ലക്ഷങ്ങള്‍ വേണ്ടിവരുമെന്ന് റോത്തഗി കോടതിയെ അറിയിച്ചു. എന്നാല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കാമെങ്കില്‍ എന്തുകൊണ്ട് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യങ്ങള്‍ക്കും അത്രയും തുക ചെലവഴിച്ചുകൂടാ എന്ന് സുപ്രീം കോടതി ആരാഞ്ഞു.

തെറ്റായ പരസ്യങ്ങള്‍ക്കെതിരെയെടുക്കുന്ന ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ ചട്ടം 170 അനുസരിച്ച് ഇനി നടപടി പാടില്ലെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29-ന് ആയുഷ് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടി എടുക്കാവുന്ന ചട്ടം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതായും ആ കത്തില്‍ കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. തെറ്റായ പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതിന് ശേഷം ഇത്തരം കത്തയച്ചത് എന്തിനെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

പതഞ്ജലി ആയുര്‍വേദയ്ക്ക് പുറമെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന മറ്റ് ബ്രാന്‍ഡുകള്‍ക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇത്തരം ബ്രാന്‍ഡുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്ന അലോപ്പതി ഡോക്ടര്‍മാര്‍ക്ക് എതിരെയും നടപടി ഉണ്ടാകണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker