താന്‍ വിവാഹിതയോ? തുറന്നുപറഞ്ഞ് പാർവതി
കൊച്ചി:മലയാളികളുടെ പ്രിയ നടിയാണ് പാർവതി തിരുവോത്ത്. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും പാർവതി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൾ ആർക്ക് മുന്നിലും പറയാനുള്ള ധൈര്യമുള്ള താരം കൂടിയാണ്. പലപ്പോഴും നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ പല വിമർശനങ്ങളും പാർവതിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. പാർവതിയുടെതായി വരാനിരിക്കുന്ന സിനിമയാണ് ഉള്ളൊഴുക്ക്. ഉർവശിയും പാർവതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ബോളിവുഡിലെ മുൻനിര നടിമാർ വിവാഹം കഴിഞ്ഞും അമ്മയായതിന് ശേഷവും മുഖ്യവേഷത്തിൽ സിനിമകൾ ചെയ്യുന്നതിനെക്കുറിച്ചും എന്നാൽ വിവാഹം കഴിഞ്ഞാൽ അഭിനയം തുടരുമോ എന്ന ചോദ്യം പേടിക്കേണ്ട സാഹചര്യത്തിലാണോ ഇന്നും മലയാളി നടിമാർ എന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് താൻ വിവാഹിതയല്ല, മറ്റുള്ളവരുടെ കാര്യം തനിക്ക് പറയാനുമാകില്ലെന്നുമാണ് താരം പറഞ്ഞത്. അതേ സമയം സമൂഹത്തിൽ പൊതുവിൽ അങ്ങനെയൊരു ചിന്താഗതിയുണ്ടെന്നും ഒരു പുരുഷ കാഴ്ചപ്പാടാണെന്നും പാർവതി പറയുന്നു.
അത് ചിലപ്പോൾ തീരുമാനങ്ങളെ ബാധിക്കുന്നുണ്ടാകാമെന്നും പക്ഷേ ബോളിവുഡിലെ സാഹചര്യം വ്യത്യസ്തമാണെന്നും താരം പറഞ്ഞു. അവരുടെ മാർക്കറ്റ് വളരെ വലുതാണ്. അവിടെ നായികമാർ മാത്രമല്ല നിർമാതാക്കൾ കൂടിയാണ്. സ്വന്തം സിനിമ ഒരുക്കുന്നത് പലപ്പോഴും അവർ തന്നെയാണ്, അല്ലെങ്കിൽ അവർ കൂടി ചേർന്നാണെന്ന് പാർവതി തിരുവോത്ത് പറഞ്ഞു. സിനിമയിൽ എടുക്കരുതെന്ന് വേറെയാരും പറയുന്ന സാഹചര്യമുണ്ടാകുന്നില്ല, ഇവിടെ നായികമാർ നിർമാതാക്കൾ ആകുന്നില്ലല്ലോ എന്നും താരം പറയുന്നു.
ബോളിവുഡിൽ മികച്ച വേതനം ലഭിക്കുന്നതുകൊണ്ടാണോ ഈ സാഹചര്യം വ്യത്യസ്തമാകുന്നത് എന്ന ചോദ്യത്തിന് അവിടെയും തുല്യ വേതവം ഉണ്ടെന്ന് തനിക്ക് പറയാനാകില്ലെന്ന് പാർവതി തിരുവോത്ത് പറയുന്നു. ഇൻഡസ്ട്രി മാറുന്നത് കൊണ്ട് സ്ത്രീകൾക്ക് തുല്യ വേതനമില്ല, അക്കാര്യങ്ങൾ അങ്ങനെ തുടരുന്നു പാർവതി തിരുവോത്ത് പറഞ്ഞു. എനിക്ക് തോന്നുന്നത് ഈ താരതമ്യം തന്നെ തെറ്റാണ്. താരതമ്യം ചെയ്യരുത് എന്നല്ല, അതിൽ കാര്യമില്ല എന്നാണ് എന്നും താരം പറയുന്നു.
ഇവിടെ കിട്ടുന്നത് ബ്രഡിന്റെ ഒരു തരി ആണെങ്കിൽ അവിടെ രണ്ട് തരിയാകും പക്ഷേ, ഈ തരികൾ തമ്മിൽ താരതമ്യപ്പെടുത്തുന്നതിൽ കാര്യമില്ല, വയറു നിറയാൻ മതിയാകില്ല. കാരണം അപ്പോഴും അതൊരു ഊണായില്ല എന്നാണ് പാർവതി പറയുന്നത്. താനിപ്പോഴും കാത്തിരിക്കുന്നത് തന്റെ സദ്യയ്ക്ക് വേണ്ടിയാണെന്ന് താരം പറയുന്നു.
അവിടത്തെ രണ്ട് തരി ഇവിടെ വേണം എന്നല്ല, എന്ത് കാെണ്ട് സദ്യ തന്നെ ആവശ്യപ്പെട്ടു കൂടായെന്നും സ്ത്രീകൾ കൂടുതലായും ഈ രംഗത്തേക്ക് വരണമെന്നും തീരുമാനമെടുക്കുന്ന സ്ഥാനങ്ങളിൽ സ്ത്രീകൾ വരുമ്പോഴെ മാറ്റം ഉണ്ടാവൂ എന്നും പാർവതി പറഞ്ഞു. പാർവതിയുടെ പുതിയ സിനിമയുടെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി.