കൊച്ചി: കേരളം കനത്ത മഴയെ തുടര്‍ന്നുള്ള ദുരന്തങ്ങളെ നേരിടുമ്പോള്‍ തന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത പ്രചരിപ്പിക്കുന്നതായി നടി പാര്‍വതി. പാര്‍വതി ടി.കെ. എന്ന ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പും പേജിലേക്ക് അയച്ച മെസേജും അടക്കമാണ് തന്റെ ഔദ്യോഗിക പേജിലൂടെ പാര്‍വതി പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഇതു സംബന്ധിച്ച വാര്‍ത്ത അറിഞ്ഞയുടന്‍ പേജുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും പേജ് തന്റേതല്ലെന്നും പാര്‍വതി ഫേസ്ബുക്കിലൂടെ അറിയിച്ചുട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ മലപ്പുറവും കോഴിക്കോടും വയനാടും തെക്കന്‍ കേരളത്തെ കാര്യമായി സഹായിച്ചെന്നും ഇപ്പോള്‍ തിരികെ ഒന്നും ചെയ്യുന്നില്ലെന്നുമാണ് ഫേക്ക് പേജില്‍ കുറിച്ചിരുന്നത്. ഈ കുറിപ്പിനെതിരെയാണ് പാര്‍വതി രംഗത്തു വന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
FAKE PAGE ALERT!
നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഈ അവസരത്തില്‍ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ ഇടുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങള്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകള്‍ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാം. അതിജീവിക്കാം ഒരിക്കല്‍ കൂടി. ഒരുമിച്ച് !