കോട്ടയം: ചേര്‍പ്പുങ്കലില്‍ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരീക്ഷാ കേന്ദ്രമായ കോളജിനെതിരെ പരാതി നല്‍കി ബന്ധുക്കള്‍. അകാരണമായി മാനസിക പീഡനം ഏല്‍പ്പിച്ചെന്ന് വ്യക്തമാക്കിയാണ് കുട്ടിയുടെ അച്ഛന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. മരിച്ച അഞ്ജു ഷാജിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.
ഇന്നലെ മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെത്തിയത് പിന്നാലെ കോളജ് അധികൃതര്‍ കോപ്പിയടി നടന്നു എന്നതിന് തെളിവുകളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ നല്ല നിലയില്‍ പഠിച്ചിരുന്ന കുട്ടി കോപ്പിയടിക്കില്ലെന്നും, അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്നും, അച്ഛന്‍ പി ഡി ഷാജി ആവര്‍ത്തിച്ചു പറയുന്നു.
പരീക്ഷ എഴുതുന്നത് തടഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം എസ്പിക്ക് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ പരീക്ഷാ കേന്ദ്രമായിരുന്ന ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളജിനെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. സംഭവത്തില്‍ വനിതാ കമ്മീഷനും യുവജന കമ്മീഷനും കേസെടുത്തിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും സര്‍വകലാശാലയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. അഞ്ജുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.
പാലാ ചേര്‍പ്പുങ്കലില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ശനിയാഴ്ചയാണ് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ഇറക്കി വിട്ടത്. ഇനിയുള്ള പരീക്ഷകള്‍ എഴുതിക്കില്ലെന്നും കോളജ് അധികൃതര്‍ കുട്ടിയോട് പറഞ്ഞിരുന്നു.