മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരൂഹത; ആത്മഹത്യാ കുറിപ്പില്‍ അധ്യാപകന്‍ സുദര്‍ശന്റെ പേര്
കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിയുമായ ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയ്ക്ക് കാരണം ആധ്യാപകരുടെ പീഡനമെന്ന് ബന്ധുക്കള്‍. തന്റെ മരണത്തിന് കാരണം ഐഐടി യിലെ അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് ഫാത്തിമ തന്റെ മൊബൈലില്‍ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു.
ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് ഫാത്തിമ ലത്തീഫ് അപ്പീല്‍ നല്‍കിയിരുന്നു. ഇരുപതില്‍ 13 മാര്‍ക്കായിരുന്നു ഫാത്തിമയ്ക്ക് ലഭിച്ചത്. തനിക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമ അപ്പീല്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പുനഃപരിശോധനയില്‍ ഫാത്തിമയ്ക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ സുദര്‍ശന്‍ പത്മനാഭന് ഫാത്തിമയോട് വിരോധം തോന്നിയിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ബന്ധുക്കള്‍ ഉന്നയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ചെന്നെയിലെത്തിയപ്പോള്‍ പോലീസിന് വ്യക്തമായ അന്വേഷണം നടത്താന്‍ താല്‍പര്യമില്ല എന്നാണ് മനസിലാവുന്നതെന്ന് കൊല്ലം മേയര്‍ വി. രാജേന്ദ്രബാബു പറഞ്ഞു.
നവംബര്‍ ഒമ്പതാം തീയതിയാണ് മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ജീവനൊടുക്കിയത്. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ടമെന്റിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്തിമ. ജാതി വിവേചനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഫാത്തിമയെ അലട്ടിയിരുന്നുവെന്ന് ഫാത്തിമയുടെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു.