തൃശ്ശൂര്‍: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം അറിയാന്‍ വെബ്സൈറ്റില്‍ കയറിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഞെട്ടി. കേരള പരീക്ഷാഭവന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച സൈറ്റുകളുടെ ലിങ്കുകളില്‍ കയറിയ വിദ്യാര്‍ഥികള്‍ ചെന്നെത്തിയത് അശ്ലീല സൈറ്റുകളില്‍. എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുന്ന സമയത്തും ഇത്തരം തട്ടിപ്പ് നടന്നിരുന്നു.
പ്ലസ്ടു റിസള്‍ട്ട് വരുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ വാട്സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിലും ഫലമറിയാനുള്ള വെബ്സൈറ്റുകളുടെ ലിങ്കുകള്‍ പരക്കെ പ്രചരിച്ചിരുന്നു. കേരള പരീക്ഷാഭവന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച സൈറ്റിന്റെ ലിങ്കും ഇതില്‍ ചേര്‍ത്തിരുന്നു. സ്പെല്ലിങ്ങില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയില്‍ മാറ്റം വരുത്തിയതാണ് വ്യാജ വെബ്സൈറ്റ്.
ഇതറിയാതെ അധ്യാപകരടക്കം ഈ സന്ദേശങ്ങള്‍ പങ്കുവെച്ചു. പലരും വാട്സാപ്പ് സ്റ്റാറ്റസായി സന്ദേശം സെറ്റു ചെയ്യുക വരെ ചെയ്തു. ബുധനാഴ്ച റിസള്‍ട്ട് പ്രഖ്യാപനത്തിനുശേഷം ഫലമറിയാനായി ലിങ്ക് തുറന്നപ്പോഴാണ് പലരും ഞെട്ടിയത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒന്നിച്ചിരുന്നാണ് പലയിടങ്ങളിലും റിസള്‍ട്ട് നോക്കിയത്. അശ്ലീലസൈറ്റ് കണ്ടതോടെ പലരും തങ്ങളെ വിളിച്ച് പരാതി പറഞ്ഞതായി ചതിയറിയാതെ സൈറ്റ് വിലാസം പങ്കുവെച്ച അധ്യാപകരിലൊരാള്‍ പറഞ്ഞു.