CricketKeralaNewsSports

IPL:അടിച്ചുതര്‍ത്ത് സഞ്ജു,അവസാന പന്തുവരെ ആവേശം,പഞ്ചാബിന് അഞ്ചുറണ്‍സ് ജയം

ഗുവാഹാട്ടി: 2023 ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിതരുടെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി പഞ്ചാബ് കിങ്‌സ്. വെറും അഞ്ചുറണ്‍സിനാണ് പഞ്ചാബിന്റെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാന്‍ അവസാന പന്തുവരെ പൊരുതിയാണ് കീഴടങ്ങിയത്.

പഞ്ചാബിനായി ശിഖര്‍ ധവാനും നഥാന്‍ എല്ലിസും വിജയത്തിന് ചുക്കാന്‍ പിടിച്ചു. അവസാന ഓവര്‍ നന്നായെറിഞ്ഞ സാം കറനും വിജയത്തില്‍ നിര്‍ണായകമായി 42 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാന്‍ ഈ സീസസണില്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ പഞ്ചാബ് കുതിപ്പ് തുടര്‍ന്നു.

198 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഓപ്പണിങ്ങില്‍ പരീക്ഷണം നടത്തി. യശസ്വി ജയ്‌സ്വാളിനൊപ്പം ഓള്‍റൗണ്ടര്‍ അശ്വിനെയാണ് രാജസ്ഥാന്‍ ഓപ്പണറായി അയച്ചത്. എന്നാല്‍ ഈ പരീക്ഷണം വിജയിച്ചില്ല. ഇരുവരും പെട്ടെന്ന് പുറത്തായി. 11 റണ്‍സെടുത്ത ജയ്‌സ്വാളിനെയും അക്കൗണ്ട് തുറക്കാത്ത അശ്വിനെയും മടക്കി അര്‍ഷ്ദീപ് സിങ് രാജസ്ഥാന് തിരിച്ചടി സമ്മാനിച്ചു. ഇരുവരും പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 26-ല്‍ മാത്രമാണ് എത്തിയത്.

പിന്നീട് ക്രീസിലൊന്നിച്ച ജോസ് ബട്‌ലറും നായകന്‍ സഞ്ജു സാംസണും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും അനായാസം ബാറ്റുവീശിയതോടെ രാജസ്ഥാന്‍ സ്‌കോര്‍ കുതിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 57-ല്‍ നില്‍ക്കേ ബട്‌ലറിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി.

നഥാന്‍ എല്ലിസിന്റെ പന്ത് ബട്‌ലറുടെ ബാറ്റിലും പാഡിലും തട്ടിയുയര്‍ന്നു. ഇത് എല്ലിസ് തന്നെ പിടിച്ച് ബട്‌ലറെ പുറത്താക്കുകയായിരുന്നു. 11 പന്തില്‍ 19 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന ദേവ്ദത്ത് പടിക്കല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ സഞ്ജു അനായാസം ബാറ്റ് വീശി.

എന്നാല്‍ 11-ാം ഓവറിലെ അഞ്ചാം പന്തില്‍ മികച്ച ഫോമില്‍ കളിച്ചുവരികയായിരുന്ന സഞ്ജു പുറത്തായി. നഥാന്‍ എല്ലിസിന്റെ പന്തില്‍ സിക്‌സടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം പാഴായി. ബൗണ്ടറി ലൈനില്‍ അത് ക്യാച്ചായി. ഇതോടെ 25 പന്തില്‍ അഞ്ച് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 42 റണ്‍സ് നേടിയ സഞ്ജുവിന്റെ ഇന്നിങ്‌സ് അവസാനിച്ചു.

സഞ്ജുവിന് പകരം വന്ന റിയാന്‍ പരാഗ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് ദേവ്ദത്ത് പരാജയമായി. അവസാന ആറോവറില്‍ രാജസ്ഥാന് വിജയിക്കാന്‍ 77 റണ്‍സ് വേണം എന്ന സ്ഥിതി വന്നു. എന്നാല്‍ 15-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ പരാഗിനെ മടക്കി എല്ലിസ് രാജസ്ഥാന് തിരിച്ചടി സമ്മാനിച്ചു. 11 പന്തില്‍ 20 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതേ ഓവറിലെ അവസാന പന്തില്‍ ദേവ്ദത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി എല്ലിസ് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 26 പന്തില്‍ നിന്ന് 21 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

അതിനുശേഷം ക്രീസിലെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറും ഇംപാക്ട് പ്ലെയറായി വന്ന ധ്രുവ് ജുറെലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും ആക്രമിച്ച് കളിച്ചു. 18-ാം ഓവര്‍ ചെയ്ത സാം കറന്റെ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമടക്കം 19 റണ്‍സാണ് പിറന്നത്. അതില്‍ 18 റണ്‍സും ഹെറ്റ്‌മെയര്‍ അടിച്ചെടുത്തു. ഇതോടെ രണ്ടോവറില്‍ 34 റണ്‍സായി വിജയലക്ഷ്യം. അര്‍ഷ്ദീപ് ചെയ്ത 19-ാം ഓവറില്‍ ഒരു സിക്‌സും രണ്ട് ഫോറുമടിച്ച ജുറെല്‍ അത്ഭുത പ്രകടനം പുറത്തെടുത്തു. ഇതോടെ രാജസ്ഥാന്‍ ക്യാമ്പില്‍ വിജയപ്രതീക്ഷയുയര്‍ന്നു. ഈ ഓവറില്‍ 18 റണ്‍സാണ് പിറന്നത്.

ഇതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം 16 റണ്‍സായി. സാം കറന്‍ ചെയ്ത ആദ്യ പന്തില്‍ ഒരു റണ്ണാണ് ജുറെലിന് നേടാനായത്. രണ്ടാം പന്തില്‍ ഹെറ്റ്‌മെയര്‍ രണ്ട് റണ്‍സെടുത്തു. മൂന്നാം പന്തില്‍ രണ്ടാം റണ്‍സിന് ശ്രമിച്ച ഹെറ്റ്‌മെയര്‍ റണ്‍ ഔട്ടായി. 18 പന്തില്‍ 36 റണ്‍സെടുത്ത ശേഷമാണ് ഹെറ്റ്‌മെയര്‍ ക്രീസ് വിട്ടത്. ജുറെലിനൊപ്പം 62 റണ്‍സിന്റെ കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി.

നാലാം പന്തില്‍ ജുറെലിന് ബാറ്റില്‍ കൊള്ളിക്കാനായില്ല ബൈ ആയി ഒരു റണ്‍ രാജസ്ഥാന് ലഭിച്ചു. ഇതോടെ അവസാന രണ്ട് പന്തില്‍ 11 റണ്‍സായി രാജസ്ഥാന്റെ വിജയലക്ഷ്യം ജേസണ്‍ ഹോള്‍ഡറാണ് ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ അഞ്ചാം പന്തില്‍ ഒരു റണ്‍ മാത്രം വഴങ്ങിയ സാം കറന്‍ പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം ഉറപ്പിച്ചു. അവസാന പന്തില്‍ ഫോറടിച്ച് ജുറെല്‍ രാജസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. രാജസ്ഥാന്‍ പൊരുതി വീണു. ജുറെല്‍ 15 പന്തില്‍ 32 റണ്‍സെടുത്തും ഹോള്‍ഡര്‍ ഒരു റണ്ണെടുത്തും പുറത്താവാതെ നിന്നു.

പഞ്ചാബിനായി നഥാന്‍ എല്ലിസ് നാലോവറില്‍ 30 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. 86 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നായകന്‍ ശിഖര്‍ ധവാന്റെയും അര്‍ധശതകം നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്റെയും വെടിക്കെട്ട് പ്രകടനങ്ങളാണ് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് ആക്രമണം അഴിച്ചുവിട്ടു. പ്രഭ്‌സിമ്രാന്‍ സിങ് ആഞ്ഞടിച്ചപ്പോള്‍ ശിഖര്‍ ധവാന്‍ അതിന് പിന്തുണയേകി. ബാറ്റിങ് പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ആറോവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 63 റണ്‍സാണ് പഞ്ചാബ് അടിച്ചുകൂട്ടിയത്. എട്ടാം ഓവറില്‍ പ്രഭ്‌സിമ്രാന്‍ അര്‍ധസെഞ്ചുറി കുറിച്ചു. 28 പന്തുകളില്‍ നിന്നാണ് താരം 50-ല്‍ എത്തിയത്. പ്രഭ്‌സിമ്രാന്റെ ആദ്യ ഐ.പി.എല്‍ അര്‍ധസെഞ്ചുറി കൂടിയാണിത്.

എന്നാല്‍ പത്താം ഓവറില്‍ താരം പുറത്തായി. ജേസണ്‍ ഹോള്‍ഡര്‍ പ്രഭ്‌സിമ്രാനെ ജോസ് ബട്‌ലറുടെ കൈയ്യിലെത്തിച്ചു. 34 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 60 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. ധവാനൊപ്പം ആദ്യ വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും പ്രഭ്‌സിമ്രാന് സാധിച്ചു.

പിന്നാലെ വന്ന ഭനുക രജപക്‌സ പരിക്കേറ്റ് പുറത്തായത് പഞ്ചാബിന് തിരിച്ചടിയായി. ഒരു റണ്ണെടുത്ത് നോണ്‍ സ്‌ട്രൈക്കര്‍ നില്‍ക്കുകയായിരുന്ന രജപക്‌സയുടെ കൈയ്യില്‍ ധവാന്റെ ഷോട്ട് വന്ന് തട്ടി. അശ്വിന്റെ പന്തില്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ച ധവാന്റെ ഷോട്ട് അബദ്ധത്തില്‍ രജപക്‌സയുടെ വലത്തേ കൈയിലിടിച്ചു. കടുത്ത വേദന അനുഭവപ്പെട്ട താരം വൈകാതെ റിട്ടയര്‍ ചെയ്ത് ക്രീസ് വിട്ടു.

രജപക്‌സയ്ക്ക് പകരം ജിതേഷ് ശര്‍മയാണ്ക്രീസിലെത്തിയത്. ജിതേഷിനെ കൂട്ടുപിടിച്ച് ധവാന്‍ ടീം സ്‌കോര്‍ 12-ാം ഓവറില്‍ 100 കടത്തി. പിന്നാലെ 14-ാം ഓവറില്‍ ധവാന്‍ അര്‍ധസെഞ്ചുറിയും കുറിച്ചു. 36 പന്തുകളില്‍ നിന്നാണ് ധവാന്‍ അര്‍ധശതകം കുറിച്ചത്. താരത്തിന്റെ 50-ാം ഐ.പി.എല്‍ അര്‍ധസെഞ്ചുറി കൂടിയാണിത്. പിന്നാലെ ജിതേഷിനൊപ്പം ധവാന്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

എന്നാല്‍ 16-ാം ഓവറില്‍ ജിതേഷ് വീണു. ചാഹലിന്റെ പന്തില്‍ സിക്‌സടിക്കാനുള്ള താരത്തിന്റെ ശ്രമം റിയാന്‍ പരാഗിന്റെ കൈയ്യിലവസാനിച്ചു. 16 പന്തില്‍ 27 റണ്‍സെടുത്ത ജിതേഷ് ധവാനൊപ്പം 66 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ക്രീസ് വിട്ടത്. പിന്നാലെ വന്ന സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയെ നിലയുറപ്പിക്കുംമുന്‍പ് അശ്വിന്‍ പുറത്താക്കി. ഒരു റണ്‍ മാത്രമെടുത്ത റാസയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി.

പിന്നാലെ വന്ന ഷാരൂഖ് ഖാനെ കൂട്ടുപിടിച്ച് ധവാന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. പക്ഷേ അവസാന ഓവറുകളില്‍ വേണ്ട വിധത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ധവാനും ഷാരൂഖിനും സാധിച്ചില്ല. അവസാന ഓവറിലെ നാലാം പന്തില്‍ 11 റണ്‍സെടുത്ത ഷാരൂഖിനെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കി. പകരം വന്ന സാം കറന്‍ ഒരു റണ്ണെടുത്ത് പുറത്താവാതെ നിന്നു. ധവാന്‍ 56 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 86 റണ്‍സെടുത്ത് അപരാജിതനായി നിന്നു.

രാജസ്ഥാന്‍ ബൗളര്‍മാരില്‍ അശ്വിനും ഹോള്‍ഡറുമൊഴികെ മറ്റ് ബൗളര്‍മാരെല്ലാം നന്നായി റണ്‍സ് വഴങ്ങി. ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അശ്വിനും ചാഹലും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker